തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഫീഡിങ് ചാർജും റിസ്ക് അലവൻസും അനുവദിക്കണോ വേണ്ടയോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ. ഫീഡിങ് ചാർജും റിസ്ക് അലവൻസും സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. നിർദേശം സർക്കാരിന്‍റെ പരിഗണനയിലാണെന്നും ഡിജിപി വ്യക്തമാക്കി. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ കാര്യത്തിൽ ഭയമില്ലെങ്കിലും ആശങ്കയുണ്ട്.
ഡിജിപിയെന്ന നിലയിൽ അവരുടെ സുരക്ഷയും പ്രധാന കാര്യമാണ്. അതേ സമയം സാലറി ചലഞ്ചിൽ പൊലീസുകാർക്ക് വിയോജിപ്പുണ്ടെങ്കിൽ അസോസിയേഷനുകൾ ചർച്ച ചെയ്യട്ടെയെന്നും സർക്കാർ ഉത്തരവ് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ഡിജിപി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെ കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് 45 ദിവസത്തേയ്ക്ക് 250 രൂപ വീതം ഫീഡിങ് ചർജും, 300 രൂപ വീതം റിസ്‌ക് അലവൻസും വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ചീഫ് സെക്രട്ടറിയ്ക്ക് നേരത്തെ കത്ത് നൽകിയിരുന്നു.