തിരുവനന്തപുരം: സ്വർണക്കടത്ത് ഉൾപ്പെടെ സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കിയ വിവാദങ്ങൾ ചർച്ച ചെയ്യുന്നതിന് സിപിഎം സംസ്ഥാന സമിതി ചേരും. ഈ മാസം 26നാണ് സംസ്ഥാന സമിതി യോഗം. ഇതിനു മുന്നോടിയായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നടക്കും. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഒരു മന്ത്രിയും അന്വേഷണ പരിധിയിൽ വന്നത് സർക്കാരിൻ്റെ പ്രതിച്ഛായയെ ദോഷമായി ബാധിച്ചു എന്നാണ് സിപിഎമ്മിനുള്ളിലെ വിമർശനം. ഇതിനു പിന്നാലെയാണ് ലൈഫ് മിഷൻ കമ്മീഷൻ ഇടപാടിൽ ഒരു മന്ത്രി പുത്രനും മയക്കുമരുന്ന് കേസിൽ പാർട്ടി സെക്രട്ടറിയുടെ മകനും ആരോപണ വിധേയരായതോടെ സിപിഎം കടുത്ത പ്രതിസന്ധിയിലാണ്. പലതരത്തിലുള്ള ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിശദമായി ഇക്കാര്യങ്ങൾ പരിശോധിക്കണമെന്ന് നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. ഇതുവരെ സെക്രട്ടേറിയറ്റ് യോഗം മാത്രമാണ് ഇക്കാര്യം പരിശോധിച്ചിരുന്നത്.
കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നതു വരെ കാര്യങ്ങൾ എത്തിയിട്ടും തൃപ്തികരമായ വിശദീകരണം നൽകാൻ സംസ്ഥാന സെക്രട്ടേറിയറ്റിന് കഴിഞ്ഞില്ലെന്നാണ് സംസ്ഥാന നേതാക്കൾക്കിടയിൽ വിമർശനം. ഓൺലൈനായാണ് നേരത്തെ യോഗം നിശ്ചയിച്ചിരുന്നത്. വിവാദങ്ങളിൽ പൂർണമായും സർക്കാരിന് പിന്തുണ നൽകുന്ന സമീപനമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചിരുന്നത്. എന്നാൽ പല മുതിർന്ന നേതാക്കൾക്കും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. ഇക്കാര്യങ്ങളെല്ലാം സംസ്ഥാനസമിതി യോഗത്തിൽ നേതാക്കൾ ഉന്നയിക്കും.