തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിൽ പിടിമുറുക്കാനൊരുങ്ങി സിപിഎം. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരാന്‍ സിപിഎം തീരുമാനിച്ചു. എല്ലാ വകുപ്പുകളിലെയും പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുള്ള ഇടപെടല്‍ ഉറപ്പാക്കാനാണ് പാര്‍ട്ടി ശ്രമം. ഇതിന്‍റെ ഭാഗമായി സിപിഎം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചു. വ്യാഴാഴ്ച എകെജി സെന്‍ററിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥ നിയന്ത്രണത്തിലായെന്ന വിമര്‍ശനം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി അടക്കമുണ്ടായിരുന്നിട്ടും ഇക്കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിക്കാനുള്ള ജാഗ്രത പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്ക് ഉണ്ടായില്ല. ഇക്കാര്യങ്ങളിലാണ് തിരുത്തല്‍ നടപടികളിലേക്ക് സിപിഎം കടക്കുന്നത്. സ്വര്‍ണ കടത്ത് കേസില്‍ സര്‍ക്കാരിനെയൊ തന്‍റെ ഓഫീസിനെയോ ബാധിക്കുന്ന യാതൊന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി സിപിഎമ്മിന് ഉറപ്പ് നല്‍കിയിരുന്നു. ഇത് വിശ്വസിച്ചാണ് സര്‍ക്കാരിനൊപ്പമാണെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും തുടര്‍ഭരണം എന്ന ലക്ഷ്യം ഉറപ്പാക്കാനുമാണ് സിപിഎം ശ്രമം.