തിരുവനന്തപുരം: കേരളം വിലകൊടുത്തു വാങ്ങിയ കൊവിഡ് വാക്‌സിന്‍ എത്തി. മൂന്നര ലക്ഷം വാക്‌സിനാണ് കേരളത്തിന് ആദ്യ ഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംസ്ഥാനം നേരിട്ട് വാങ്ങിയ കൊവിഷീല്‍ഡ് വാക്‌സിനാണ് എത്തിച്ചത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴിയാണ് സംസ്ഥാനം വാക്‌സിൻ വാങ്ങിയത്. മഞ്ഞുമ്മലിലെ മെഡിക്കൽ കോർപ്പറേഷൻ വെയർഹൗസിലേക്കാണ് വാക്‌സിൻ ആദ്യം എത്തിക്കുക. പിന്നീട് മേഖല സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.
പതിനെട്ട് മുതല്‍ 25 വയസുവരെയുളളവര്‍ക്ക് വിതരണം ചെയ്യാനാണ് വാക്‌സിന്‍ സംസ്ഥാനം വിലയ്ക്ക് വാങ്ങിയത്. ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. 70 ലക്ഷം ഡോസ് കൊവിഷീല്‍ഡും 30 ലക്ഷം ഡോസ് കൊവാക്‌സിനുമാണ് വാങ്ങുന്നത്. 45 വയസിനുള്ള താഴെയുളളവര്‍ക്ക് വാക്‌സിന്‍ വിതരണം സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ വിദഗ്‌ധ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാകും സംസ്ഥാനം ആ പ്രായപരിധിയില്‍ വാക്‌സിന്‍ വിതരണം ചെയ്യുക. ഗുരുതര രോഗമുളളവര്‍ക്കാകും ആദ്യം വാക്‌സിന്‍ നല്‍കുക. തുടര്‍ന്ന് മുന്‍ഗണനാ ക്രമം അനുസരിച്ച് വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.