തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്‍റെ നേതൃത്വത്തിലുള്ള ഹൈക്കമാന്‍ഡ് ഇന്ന് കോൺഗ്രസിലെ പോഷക സംഘടന നേതാക്കളുമായി ചർച്ച നടത്തും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ തലങ്ങളിലുള്ള ഭാരവാഹികളെ കാണുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന് യൂത്ത് കോൺഗ്രസും മഹിള കോൺഗ്രസും ചർച്ചയിൽ ആവശ്യപ്പെടും. സ്ഥിരമായി മത്സരിക്കുന്നവരെയും അനിവാര്യമില്ലാത്ത 60 വയസ് കഴിഞ്ഞവരെയും മാറ്റി നിർത്തണമെന്ന് യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിലാണ് മഹിളാ കോൺഗ്രസും.
അതേസമയം മത സമുദായിക സംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായും താരിഖ് അൻവർ ഇന്ന് ചർച്ച നടത്തും. ഈ മാസം 26 മുതൽ 30 വരെ ബൂത്ത് തലങ്ങളിൽ ബഹുജന ക്യാമ്പയിൻ സംഘടിപ്പിക്കണമെന്ന് ഇന്നലെ നടന്ന ചർച്ചയിൽ ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് ഹൈക്കമാന്‍ഡ് സംഘം നിർദേശം നൽകി.
സ്ഥാനാർഥി നിർണയത്തിൽ യുവാക്കൾക്കും വനിതകൾക്കും പ്രധാന്യം കൊടുക്കണം തുടങ്ങി വിവിധ നിർദേശങ്ങളാണ് സംഘം നൽകിയത്. പത്ത് ദിവസം കേരളത്തിൽ തങ്ങുന്ന എഐസിസി സംഘം വിവിധ തലങ്ങളിലുള്ളവരുമായി ചർച്ചകൾ നടത്തും. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ നിയന്ത്രണം പൂർണമായും എഐസിസി സംഘത്തിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും.