തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്താൻ എൻഒസി ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായാല്‍ സർക്കാർ ഇടപെടുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കർണാടകവും തമിഴ്‌നാടും എല്ലാ യാത്രാക്കാർക്കും എൻഒസി നിർബന്ധമാക്കിയിട്ടുണ്ട്. ഇതിലെ അവ്യക്തതകൾ നീക്കാൻ ഇരു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും സംസാരിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരാൻ ആഗ്രഹിക്കുന്നവർ ജില്ല കലക്ടറിൽ നിന്നാണ് എൻഒസി വാങ്ങേണ്ടത്. പാസ് കിട്ടാത്തവർ കൊവിഡ് വാർ റൂമിൽ അറിയിച്ചാൽ പരിശോധിച്ച് നടപടിയെടുക്കും.
സംസ്ഥാനത്തേക്ക് എത്താൻ നോർക്ക വഴി രജിസ്റ്റർ ചെയ്ത 30000 പേർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. അതിർത്തി കടക്കാനായി വാഹനങ്ങൾക്ക് ഇലക്ട്രോണിക് പാസും നൽകി. ലോക്ക് ഡൗൺ മൂന്നാം ഘട്ട ഇളവുകൾ ജനങ്ങൾക്ക് കൃത്യമായി ലഭിക്കുന്നതിനായി വെബ് പോർട്ടൽ തയ്യാറാക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി