തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഈ മാസം 28നാണ് യോഗം. ദേവസ്വം ബോർഡ് അധികൃതർക്കു പുറമേ, പത്തനംതിട്ട ജില്ല കലക്ടർ, ആരോഗ്യ പ്രവർത്തകൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ദേവസ്വം ബോർഡ് തയ്യാറാക്കിയ പദ്ധതി റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പ്രവേശനം അനുവദിക്കാമെന്നാണ് ദേവസ്വം ബോർഡിന്‍റെ നിലപാട്.
പൂർണമായും വെർച്വൽ ക്യൂ വഴിയാകും പ്രവേശനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ സോപാനത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കണോയെന്ന കാര്യം പരിശോധിക്കും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാകും നെയ്യഭിഷേകം അനുവദിക്കുക. ദർശനത്തിനു ശേഷം വിരിവയ്ക്കുന്നതിലും സന്നിധാനത്ത് തങ്ങുന്നതിനും നിയന്ത്രണമേർപ്പെടുത്തും. അടുത്ത മാസം 16ന് തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ പൂർണമായി നടപ്പാക്കാനാകുമോയെന്ന് പരിശോധിക്കും. എന്നാൽ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തിനു ശേഷം മാത്രമേയുണ്ടാകുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു പറഞ്ഞു.