തിരുവനന്തപുരം: സെപ്റ്റംബര്‍ 11-നോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 48 മണിക്കൂറില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കും.
സെപ്റ്റംബര്‍ 12 മുതല്‍ കേരളത്തില്‍ കാലവര്‍ഷം സജീവമായേക്കുമെന്നും കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ന്യൂനമര്‍ദത്തിന്‍റെ രൂപീകരണവും വികാസവും അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അന്തരീക്ഷ ദിനാവസ്ഥയിലുള്ള മാറ്റങ്ങളും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.