തിരുവനന്തപുരം: സഹ്യപർവത നിരകളിലെ പാറഖനനത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി സഹ്യപര്‍വത സംരക്ഷണ സമിതി. 'സമരമാവ് പൂക്കുമ്പോൾ' എന്ന നാടുണർത്തൽ പരിപാടി ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്‌തു. പത്ത് വര്‍ഷം മുമ്പ് കവയത്രി സുഗതകുമാരി മാവ് നട്ടുകൊണ്ടായിരുന്നു സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനങ്ങളാണ് ദുരന്തത്തിനു വഴിയൊരുക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്‌ത ശേഷം ഷാജി എന്‍ കരുണ്‍ പറഞ്ഞു.
നെയ്യാറ്റിൻകര താലൂക്കിലെ വെള്ളറട ഗ്രാമ പഞ്ചായത്തിലെ പ്ലാങ്കുടിക്കാവിലെയും പരിസരത്തെയും ഖനനനീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. സഹ്യപർവത സംരക്ഷണസമിതി, വെള്ളറട ആക്ഷൻ കൗൺസിൽ, പുരോഗമന കലാ സാഹിത്യ സംഘം, വിവ തുടങ്ങിയ സംഘടനകൾ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
അതീവ ജൈവ മേഖലയായ പ്ലാങ്കുടിക്കാവിലും പരിസര പ്രദേശങ്ങളിലുമായി 2010 മുതൽ ഒരു സ്വകാര്യ കമ്പനി ശ്രമം നടത്തുകയാണ്. സംരക്ഷിത മേഖലയായി അംഗീകരിക്കപ്പെട്ട ഇവിടെ വീണ്ടും ഖനനം നടത്താന്‍ ശ്രമം നടക്കുന്നുവെന്ന് സമരക്കാര്‍ ആരോപിക്കുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മറവിലാണ് ഒരു സ്വകാര്യ കമ്പനി ഇവിടെ ഖനത്തിനൊരുങ്ങുന്നതെന്നാണ് ആരോപണം. മാത്രവുമല്ല ഖനനത്തിനായി വാങ്ങിക്കൂട്ടിയതിലേറെയും വ്യാജപട്ടയമാണെന്നും സമരക്കാര്‍ പറയുന്നു.
കള്ളിമൂട്, മീതി, അമ്പലം, മണലി, കലപ്പകോണം എന്നിവിടങ്ങളിലും ഖനനത്തിനായി വൻകിട കമ്പനികൾ ഏക്കർ കണക്കിന് വസ്‌തു വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും സമരനേതാക്കൾ പറയുന്നു.