തിരുവനന്തപുരം: കോടതി ഉത്തരവനുസരിച്ചാണ് ഇടുക്കിയിലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. സാധാരണക്കാർക്കുള്ള ചെറുകിട കെട്ടിടങ്ങൾ നിയമ വിധേയമാക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അനധികൃത നിർമാണത്തിനെതിരെ കോടതി ശക്തമായ നടപടിയാണ് സ്വീകരിച്ചത്.
റവന്യൂ വകുപ്പിനോട് കർശന നടപടിയെടുക്കാനും നിർദേശിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയാണ് ഉത്തരവ് ലംഘിക്കാത്ത വിധത്തില്‍ സർക്കാർ നടപടി സ്വീകരിച്ചത്. ചെറുകിട വ്യവസായങ്ങൾക്കുള്ള നിർമാണം ഒരാളുടെ ഏക ജീവനോപാധിയാണെന്ന് വ്യക്തമാക്കിയാൽ സവിശേഷ സാഹചര്യം പരിഗണിച്ച് നടപടി സ്വീകരിക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പരിസ്ഥിതി സംഘടനകൾ നൽകിയ പരാതിയിൽ വ്യാപകമായി അനധികൃത നിർമാണങ്ങൾ നടക്കുന്നതായി കണ്ടെത്തി. കൂടിയാലോചിച്ചും കോടതി വിധി പരിശോധിച്ചുമാണ് നടപടിയെടുത്തതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.