തിരുവനന്തപുരം: കളിയിക്കവിളയിൽ എഎസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലായിരുന്നു പ്രതികളായ അബ്ദുല്‍ ഷമീനെയും, തൗഫീഖിനെയും കൊല നടത്തിയ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചത്. സംഭവ സ്ഥലത്ത് എത്തിച്ച പ്രതികൾ കൊല നടത്തിയ രീതി പൊലീസിന് വിവരിച്ച് കൊടുത്തു. തൗഫീഖ് ആണ് വെടിവെച്ചതെന്ന് പൊലീസിനോടു സമ്മതിച്ചു. ഇതിന് പ്രത്യേക പരിശീലനം നേടിയതായും പൊലീസിനോട് പ്രതി സമ്മതിച്ചിട്ടുണ്ട്.
അതേസമയം അബ്ദുല്‍ ഷമീമാണ് വിൽസനെ കത്തികൊണ്ട് വെട്ടിയത്. പ്രതികളുടെ കസ്റ്റഡി കാലാവധി 30ാം തീയതി അവസാനിക്കാൻ ഇരിക്കുന്നതിനാൽ കസ്റ്റഡി നീട്ടി കിട്ടുന്നതിന് അപേക്ഷ സമർപ്പിക്കുന്ന കാര്യം ആലോചനയിൽയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ഗണേശൻ പറഞ്ഞു. കളിയിക്കാവിള ചന്തക്ക് സമീപത്ത് കൂടി കൊണ്ടുവന്ന പ്രതികളെ അവർ ഓടി കയറിയ ആരാധനാലയത്തിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കുളച്ചൽ എഎസ്‌പി വിശ്വ ശാസ്ത്രിയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും തെളിവെടുപ്പിന് എത്തിയിരുന്നു.