റിയോ ഡി ജനീറോ : ജി 20 ഉച്ചകോടിക്ക് വേദിയായി ബ്രസീൽ. അന്താരാഷ്‌ട്ര രംഗത്തെ പ്രതിസന്ധികളെയും വെല്ലുവിളികളെയും കുറിച്ച് ചര്‍ച്ച ചെയ്യാൻ ജി 20 നേതാക്കൾ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ഒത്തുകൂടുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇരുപത് സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള ജി 20 നേതാക്കളാണ് കൂടിക്കാഴ്‌ചയില്‍ പങ്കെടുക്കുക.
പത്തൊമ്പതാമത് കൂടിക്കാഴ്‌ചയാണ് നവംബർ 18-19 തീയതികളിൽ റിയോ ഡി ജനീറോയില്‍ നടക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേരുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ഫോറമാണ് ഇത്. ട്രംപിന്‍റെ യുഎസ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടിയാണ് നടക്കുന്നത്.
വർധിച്ച ആഗോള സംഘർഷങ്ങളും വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തെക്കുറിച്ചുള്ള അനിശ്ചിതത്വവുമെല്ലാം ചര്‍ച്ചയാകും. യുഎസിലേക്കുള്ള ചൈനീസ് വ്യാപാരത്തിന് 60% തീരുവ ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചൈനയെ സംബന്ധിച്ചിടത്തോളം 2024 ജി20 ഏറെ പ്രധാന്യമര്‍ഹിക്കുന്നു.
റഷ്യ-യുക്രെയ്‌ൻ യുദ്ധവും യുഎസ്-ചൈന വ്യാപാര ബന്ധങ്ങളും ഉൾപ്പെടെ ഈ വർഷത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2030 ഓടെ പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരായ പോരാട്ടത്തിൽ പുരോഗതി കൈവരിക്കുന്നതിന് രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും അണിനിരത്തുകയാണ് മറ്റൊരു ലക്ഷ്യം. 2023ൽ ഇന്തോനേഷ്യയായിരുന്നു ജി20യുടെ ആതിഥേയത്വം.
ഈ വർഷത്തെ ഉച്ചകോടിയില്‍ ജി20 പ്രസിഡൻസി അംഗങ്ങൾക്കിടയിൽ നിന്ന് ബ്രസീലാണ് ആതിഥേയത്വം വഹിക്കുന്നത്. ബ്രസീലിയൻ പ്രസിഡന്‍റ് ലുല ഡാ സിൽവയാണ് അധ്യക്ഷന്‍. ലോക ജനപ്രിയ നേതാവ് എന്നറിയപ്പെടുന്ന ഇടത് നേതാവാണ് ലുല ഡാ സിൽവ. ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധയനാണ് അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പട്ടിണിക്കും ദാരിദ്രത്തിനുമെതിരെ നിലപാട് കൈക്കൊള്ളുക എന്നത് ബ്രസീലിന്‍റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നാണ്. ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടം, ഹരിത പരിവർത്തനം, അതിസമ്പന്നർക്കുള്ള ആഗോള നികുതി എന്നിവയും ബ്രസീൽ ചര്‍ച്ചചെയ്യും. അതേസമയം ആമസോണ്‍ സന്ദര്‍ശനം, ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഫോറം എന്നിവക്ക് ശേഷമാവും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉച്ചകോടിയിൽ പങ്കെടുക്കുക. ഇതാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്‍റ് ആമസോണിൽ കാലുകുത്തുന്നത്. പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയാണ് യാത്രയുടെ ലക്ഷ്യം.
കാലാവസ്ഥാ പ്രശ്‌നങ്ങൾ, ആഗോള അടിസ്ഥാന സൗകര്യങ്ങൾ, മയക്കുമരുന്ന് വിരുദ്ധ ശ്രമങ്ങൾ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഉൾപ്പെടെയുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയും ബൈഡന്‍റെ അജണ്ടയിലുണ്ട്. അർജന്‍റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുണൈറ്റഡ് കിങ്‌ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് നിലവിലെ അംഗങ്ങൾ. കൂടാതെ ആഫ്രിക്കൻ യൂണിയനും യൂറോപ്യൻ യൂണിയനും പങ്കെടുക്കും. ഇന്‍റര്‍നാഷണൽ മോണിറ്ററി ഫണ്ട്, യുഎൻ, വേൾഡ് ബാങ്ക്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും പങ്കെടുക്കുന്നുണ്ട്.
Read More: ജി20 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലില്‍
റഷ്യയുടെ അധിനിവേശം തടയാനും ലെബനനിലെയും ഗാസയിലെയും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും അമേരിക്ക മുന്നോട്ട് വയ്‌ക്കും. അതേസമയം ട്രംപ് ഭരണം തുടങ്ങാനിരിക്കെ ബൈഡൻ കൈക്കൊള്ളുന്ന നിലപാട് അടുത്ത വൈറ്റ് ഹൗസ് ഭരണകൂടം അസാധുവാക്കും. ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് സാന്താ കാതറിനയിലെ ഇന്‍റർനാഷണൽ റിലേഷൻസ് പ്രൊഫസറായ ഡാനിയൽ അയേഴ്‌സ് ഇക്കാര്യത്തില്‍ പ്രതികരിച്ചു.