തിരുവനന്തപുരം: തലേക്കുന്നില്‍ ബഷീറിന്‍റെ വിയോഗത്തോടുകൂടി കോണ്‍ഗ്രസിന് നഷ്‌ടമായത് നേതൃനിരയിലെ സൗമ്യമുഖം. കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. കന്യാകുളങ്ങര സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്‍റ് ലീഡറായി തുടങ്ങി, കേരള സര്‍വകലാശാലയിലെ ആദ്യ യൂണിയന്‍ ചെയര്‍മാനായും ബഷീര്‍ തിളങ്ങി.
കെ.എസ്.യു ജില്ല പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, കെ.പി.സി.സി ആക്‌ടിങ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. 1977 ല്‍ 32-ാമത്തെ വയസില്‍ കഴക്കൂട്ടം നിയമസഭ മണ്ഡലത്തില്‍ നിന്ന് കന്നിയങ്കത്തില്‍ ജയം. അന്ന് മുഖ്യമന്ത്രിയായ കെ കരുണാകരന്‍ അധികാരമേറ്റ് ഒരു മാസത്തിന് ശേഷം രാജന്‍കേസില്‍ പ്രതികൂല വിധിയെ തുടര്‍ന്ന് രാജിവച്ചപ്പോള്‍ കെ.പി.സി.സി പ്രസിഡന്‍റായിരുന്ന എ.കെ.ആന്‍റണിയെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി നേതാവായി തെരഞ്ഞെടുത്തു.
ആന്‍റണിയ്‌ക്ക് മത്സരിക്കാന്‍ സീറ്റൊഴിഞ്ഞ് നല്‍കി: മുഖ്യമന്ത്രിയായ എ.കെ ആന്‍റണിയ്‌ക്ക് മത്സരിക്കാന്‍ കഴക്കൂട്ടം മണ്ഡലം ഒഴിഞ്ഞുകൊടുക്കാനുള്ള വിശാല മനസ്‌കത ബഷീറിന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തു. തൊട്ടുപിന്നാലെ ബഷീറിനെ കോണ്‍ഗ്രസ് രാജ്യസഭയിലേക്കയച്ചു. രണ്ടു തവണ രാജ്യസഭാംഗമായി.
1984ല്‍ ചിറയിന്‍കീഴില്‍ നിന്ന് മത്സരിച്ച് ലോക്‌സഭാംഗമായി. 1989 ലും വിജയിച്ചെങ്കിലും 1991ല്‍ സുശീല ഗോപാലനോട് പരാജയപ്പെട്ടു. 1996 ലും ചിറയിന്‍കീഴില്‍ പരാജയപ്പെട്ടതോടെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങി. പിന്നീട് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്‍റ് ആക്‌ടിങ് പ്രസിഡന്‍റുമായി.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കവേ സംസ്ഥാന മലയാളം മിഷന്‍റെ ചെയര്‍മാനായിരുന്നു. പിന്നാലെ അനാരോഗ്യം കാരണം രാഷ്ട്രീയ രംഗത്തുനിന്നുതന്നെ ബഷീര്‍ വിടവാങ്ങി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. എന്നും പുസ്‌തകങ്ങളുടെ കളിത്തോഴനായിരുന്ന ബഷീര്‍ സംവാദ വേദികളിലെ കോണ്‍ഗ്രസിന്‍റെ തലപ്പൊക്കമായിരുന്നു. വെളിച്ചം കൂടുതല്‍ വെളിച്ചം, രാജീവ് ഗാന്ധി: സൂര്യതേജസിന്‍റെ ഓര്‍മ്മയ്ക്ക്, കെ.ദാമോദരന്‍ മുതല്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വരെ, മണ്ടേലയുടെ നാട്ടില്‍ - ഗാന്ധിയുടെയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി: മലയാള സിനിമയിലെ നിത്യഹരിത നായകനായിരുന്ന പ്രേം നസീറിന്‍റെ സഹോദരി പരേതയായ സുഹ്‌റയാണ് ഭാര്യ. തലേക്കുന്നില്‍ ബഷീറിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മന്ത്രി ജി.ആര്‍ അനില്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. 77 വയസായിരുന്നു. ദീര്‍ഘകാലമായി ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു.
പുലര്‍ച്ചെ വെമ്പായത്തിനു സമീപം തലേക്കുന്നിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം വെഞ്ഞാറമൂട് പേരുമല മുസ്‌ലിം ജമാ അത്ത് ഖബര്‍സ്ഥാനില്‍ ശനിയാഴ്‌ച രാവിലെ ഒന്‍പതിന്. 1945 മാര്‍ച്ച് ഏഴിന് വെഞ്ഞാറമൂടിനു സമീപം തലേക്കുന്നിലായിരുന്നു ജനനം.
ALSO READ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു