തിരുവനന്തപുരം: കൊവിഡ് 19 രോഗബാധയെ നേരിട്ട കേരള മോഡൽ പഠിക്കാൻ തെലങ്കാനയിൽ നിന്നുള്ള പന്ത്രണ്ടംഗ മെഡിക്കൽ സംഘം കേരളത്തിലെത്തി. കൊവിഡ് 19നെ കേരളം നേരിട്ട രീതികൾ, പകരാതിരിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയാണ് സംഘം പരിശോധിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതില്‍ തുടങ്ങി കൊവിഡ് 19നെ നേരിട്ട എല്ലാ പ്രവര്‍ത്തനങ്ങളും സംഘം മനസിലാക്കും. ഡോക്‌ടർമാർ അടങ്ങിയ സംഘം ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി കൂടിക്കാഴ്‌ച നടത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
രോഗം പടരാതിരിക്കാന്‍ കേരളം സ്വീകരിച്ച മുന്‍കരുതലുകളാണ് സംഘം പ്രധാനമായും ചര്‍ച്ച ചെയ്‌തത്. കേരള മോഡല്‍ സംബന്ധിച്ച് നല്ല അഭിപ്രായമാണ് സംഘത്തിനുള്ളതെന്ന് കൂടികാഴ്ചക്ക് ശേഷം ആരോഗ്യമന്ത്രി പ്രതികരിച്ചു. ഈ മോഡല്‍ തെലങ്കാനയും പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ പ്രവര്‍ത്തനം മികച്ചതാണെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം തെലങ്കാന സംഘം വ്യക്തമാക്കി. കാര്യങ്ങള്‍ വിശദമായി മനസിലാക്കും. കൊവിഡ് 19 വ്യാപനത്തെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ കേരളത്തിന് കഴിഞ്ഞതുകൊണ്ടാണ് കാര്യങ്ങള്‍ മനസിലാക്കാന്‍ കേരളത്തിലേക്ക് എത്തിയതെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി. ആശുപത്രികളില്‍ സജ്ജമാക്കിയിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡുകള്‍ സംഘം സന്ദര്‍ശിക്കും. ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുമായും ആശയവിനിമയം നടത്തും. മെഡിക്കല്‍ സംഘം ആലപ്പുഴ ജില്ലയിലും സന്ദര്‍ശനം നടത്തുന്നുണ്ട്.