തിരുവനന്തപുരം: ഉന്തിയ പല്ലിൻ്റെ പേരിൽ ആദിവാസി യുവാവിന് ജോലി നഷ്‌ടപ്പെട്ട വിഷയത്തിൽ സ്വമേധയ കേസെടുത്ത് സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷൻ. വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും പിഎസ്‌സിയോടും കമ്മിഷൻ റിപ്പോർട്ട് തേടി. കഴിഞ്ഞ ദിവസമായിരുന്നു ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിലെ ബീറ്റ് ഓഫിസർ തസ്‌തികയിൽ നിന്നും ഉന്തിയ പല്ലിന്‍റെ പേരിൽ പാലക്കാട് അട്ടപ്പാടി സ്വദേശി മുത്തുവിന് ജോലി നഷ്‌ടമായത്.
നവംബർ മൂന്നിന് പിഎസ്‌സി നടത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്‌തികയിലേക്കുള്ള എഴുത്ത് പരീക്ഷയും ഫിസിക്കലും പാസായ മുത്തു മെഡിക്കലിൽ ഉന്തിയ പല്ലിന്‍റെ പേരിൽ അയോഗ്യനാവുകയായിരുന്നു. നിര തെറ്റിയ പല്ല് ശരിയാക്കാന്‍ ഏകദേശം 18,000 രൂപയോളം വേണ്ടിവരും എന്നതിനാല്‍ ഇത്രയും പണം തന്‍റെ പക്കല്‍ ഇല്ലെന്നാണ് മുത്തു പറയുന്നത്. വിഷയത്തിൽ വേണ്ട നടപടികൾ ഉടനെ സ്വീകരിക്കുമെന്ന് പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനും അറിയിച്ചിരുന്നു.