തിരുവനന്തപുരം : കേരളത്തിന്‍റെ സ്വന്തം ഇന്‍റർനെറ്റ് സർവീസായ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് ഐ ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കെ ഫോൺ പദ്ധതിയെക്കുറിച്ച് പഠിക്കാനെത്തിയത്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച സംഘം കെ ഫോണ്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു.
തമിഴ്‌നാട് ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് എന്ന പേരിലാണ് തമിഴ്‌നാട് കെ ഫോൺ മാതൃക നടപ്പിലാക്കുന്നത്. ഇതിനായാണ് കേരള മാതൃകയും പഠിക്കുന്നത്. കൂടിക്കാഴ്‌ചയില്‍ തമിഴ്‌നാട് ഐ ടി സെക്രട്ടറി ജെ കുമാരഗുരുബരന്‍, ടാന്‍ഫിനെറ്റ് കോര്‍പറേഷന്‍ എംഡി എ ജോണ്‍ ലൂയിസ്, ഐ ടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, കെ ഫോണ്‍ എംഡി ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു.
നിയമസഭ സമ്മേളനത്തിനും സംഘം സാക്ഷിയായി. മന്ത്രിയടക്കമുള്ള സംഘത്തെ സ്‌പീക്കർ എ എൻ ഷംസീർ സഭയ്ക്ക് പരിചയപ്പെടുത്തി. ആധുനിക രീതിയിൽ ക്രമീകരിച്ച ഇ- നിയമസഭയെക്കുറിച്ചും, കടലാസ് രഹിത നിയമസഭ പദ്ധതി നടപ്പിലാക്കിയതിനെ കുറിച്ചും സംഘം സ്‌പീക്കറുമായി ആശയവിനിമയം നടത്തി.
നിയമസഭ സ്‌പീക്കറുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്‌ചയിൽ, കേരള മോഡൽ വികസന പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിക്കപ്പെട്ടു. പരസ്‌പര സഹകരണം വാഗ്‌ദാനം ചെയ്‌തുകൊണ്ട് നിയമസഭയുടെ ഉപഹാരം സ്‌പീക്കർ സമ്മാനിച്ചു.
നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി : ജൂൺ അഞ്ചിനാണ് കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തത്. ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ കെ ഫോണിന്‍റെ കൊമേഷ്യല്‍ വെബ് പേജും തദ്ദേശ സ്വയം ഭരണ എക്‌സൈസ് ഗ്രാമവികസന വകുപ്പ് മന്ത്രി എംബി രാജേഷ് മൊബൈല്‍ ആപ്ലിക്കേഷനും ലോഞ്ച് ചെയ്‌തു.
വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയാണ് കെ ഫോണ്‍ മോഡം പ്രകാശനം ചെയ്‌തത്. തെരഞ്ഞെടുത്ത കെ ഫോണ്‍ ഉപഭോക്താക്കളുമായി മുഖ്യമന്ത്രിയുടെ ഓണ്‍ലൈൻ വഴി സംവദിച്ചിരുന്നു. വയനാട് ജില്ലയിലെ പന്താലിക്കുന്ന് ആദിവാസി കോളനിയിലെ ജനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംവാദത്തില്‍ പങ്കെടുത്തത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ ഓഫിസുകളിലും 14,000 വീടുകളിലുമാകും കെ ഫോണ്‍ കണക്ഷന്‍ നൽകുന്നത്. ഫൈബര്‍ ശ്യംഖലയിലൂടെ സംസ്ഥാനത്തുടനീളം അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യഘട്ടത്തില്‍ ഓരോ നിയമസഭ മണ്ഡലത്തിലെയും 100 വീടുകളില്‍ കെ ഫോണ്‍ കണക്ഷന്‍ നൽകും.
കെ ഫോണ്‍ മുഖേന 40 ലക്ഷം ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ നൽകാനുള്ള ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ സജ്ജീകരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. 20 എംബിപിഎസ് വേഗതയിലാകും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുക. തുടർന്ന് ഇന്‍റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാനുള്ള സൗകര്യവും ഉള്‍പ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നു
26,492 സര്‍ക്കാര്‍ ഓഫിസുകളിലും 17,354 ഓഫിസുകളിലും നിലവില്‍ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാണ്. നിലവില്‍ ലഭിച്ച പട്ടികയനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കണക്ഷന്‍ എത്തിക്കാനാണ് ബന്ധപ്പെട്ട അധികൃതരുടെ ശ്രമം. നിലവില്‍ 7000-ത്തിലധികം വീടുകളിലേക്ക് കണക്ഷന്‍ നൽകാനാവശ്യമായ കേബിള്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ആയിരത്തിലധികം ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ കെ ഫോണ്‍ കണക്ഷന്‍ ഉള്ളത്. 2023 ഓഗസ്‌റ്റ് മാസത്തോടുകൂടി ആദ്യഘട്ടം പൂര്‍ത്തീകരിച്ച് വാണിജ്യ കണക്ഷന്‍ നൽകാനാണ് നീക്കം. ആദ്യ വര്‍ഷം രണ്ടര ലക്ഷം വാണിജ്യ കണക്ഷനുകള്‍ നൽകിയാല്‍ കെ ഫോണ്‍ ലാഭത്തിലാക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.