തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചർച്ചയുടെ ഫലം എന്തായാലും നാളെയും മറ്റന്നാളും കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ടി.നസ്റുദ്ദീൻ. ഇക്കാര്യം ഇന്നത്തെ ചർച്ചയിൽ സർക്കാരിനെ അറിയിക്കും. സർക്കാരിൻ്റെ വിരട്ടൽ വേണ്ടെന്നും നസ്റുദ്ദീൻ പറഞ്ഞു.
ചർച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സമരവുമായി മുന്നോട്ട് പോകാൻ താൽപര്യമില്ല. കച്ചവടം ചെയ്യലാണ് ലക്ഷ്യമെന്നും നസ്റുദ്ദീൻ പറഞ്ഞു. ചർച്ചയ്ക്ക് മുന്നോടിയായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാവിലെ (ജൂലൈ 16) തിരുവനന്തപുരത്ത് ചേർന്നു.
also read:കൊടകര കുഴൽപ്പണ കേസിൽ സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന് ചെന്നിത്തല
പിന്നാലെയാണ് വ്യാപാരി ഏകോപന സമിതി നിലപാട് വ്യക്തമാക്കിയത്. അതിനിടെ മുഖ്യമന്ത്രി വ്യാപാരികളുമായി നടത്താനാനിരുന്ന ചർച്ച വൈകീട്ട് 3.30 ലേക്ക് മാറ്റി. നേരത്തെ രാവിലെ 10 നാണ് ചർച്ച നിശ്ചയിച്ചിരുന്നത്.
സംസ്ഥാനത്തെ മുഴുവൻ കടകളും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഈ ആവശ്യം പ്രതിഷേധത്തിലേക്ക് നീങ്ങിയ വ്യാപാരികൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വിവാദമായിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ചത്.