തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിലൂടെ വിളപ്പിൽശാല സ്വദേശിനിയിൽ നിന്ന് 64 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി നൈജീരിയൻ സ്വദേശി കിങ്സ്ലി ജോൺസൺ ചക്വാച്ച പിടിയിൽ. ചാരിറ്റിക്കും സാമൂഹ്യ പ്രവർത്തനങ്ങൾക്കും പണം വാഗ്‌ദാനം ചെയ്‌താണ് പരാതിക്കാരിയിൽ ഇയാൾ പണം തട്ടിയത്. തിരുവനന്തപുരം റൂറൽ സൈബർ പൊലീസ് നടത്തിയ സാഹസിക നീക്കത്തിലാണ് പൂനെയിൽ നിന്ന് ഇയാളെ പിടികൂടിയത്.
മുംബൈയിലും പൂനെയിലുമായി ഒരാഴ്‌ചയോളം ഇയാൾക്കായി പൊലീസ് ക്യാമ്പ് ചെയ്‌തു. പൊലീസ് തെരയുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി പൂനെയിലെ ചിഖലി നൈജീരിയൻ കോളനിയിൽ നിന്ന് തട്ടിപ്പിൻ്റെ രേഖകളുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വലയിലായത്. നിരവധി എടിഎം കാർഡുകളും ക്രെഡിറ്റ് കാർഡുകളും വിവിധ ബാങ്കുകളിലെ ചെക്കുകളും പാസ് ബുക്കുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
തട്ടിപ്പ് ഇങ്ങനെ: ബ്രിട്ടനിലെ സിറ്റി ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണ് കിങ്സ്ലിയുടെ തട്ടിപ്പുകൾ. സാമൂഹ്യ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ വാഗ്‌ദാനം ചെയ്‌താണ് ഇയാൾ ഉൾപ്പെട്ട സംഘം വിളപ്പിശാല സ്വദേശിനിയുടെ 64 ലക്ഷം തട്ടിയെടുത്തത്. തുക ട്രാൻസ്‌ഫർ ചെയ്യുന്നതിന് ഇൻകം ടാക്‌സ്, കോർട്ട് അഫിഡവിറ്റ്, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫീസ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പരാതിക്കാരിയോട് പണം ആവശ്യപ്പെട്ടു.
വിവിധ അക്കൗണ്ടുകളിലൂടെ പലപ്പോഴായാണ് പണം വാങ്ങിയത്. കൂടുതൽ പേർ അടങ്ങുന്ന തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് കിങ്സ്ലി ജോൺസൺ. ഈ കേസിലെ മറ്റൊരു പ്രതിയായ മലൈക മാർഷൽ ഫ്രാൻസിസിനെ പൂനെ ചിഞ്ചുവാഡിൽ നിന്ന് കഴിഞ്ഞ മാസം സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കിങ്സ്ലി ജോൺസൺ പിടിയിലായത്. ഇരുവരും ചേർന്ന് നിരവധി ബാങ്കുകളിൽ വ്യാജ വിലാസങ്ങളിൽ എടുത്ത അക്കൗണ്ടുകൾ വഴി വൻ തട്ടിപ്പാണ് നടത്തിയത്. തട്ടിയെടുത്ത പണം നൈജീരിയയിലേക്ക് കടത്തുകയും ചെയ്‌തു.
തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സിഐ രതീഷ് ജി.എസ്, എസ്ഐ ഷംഷാദ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിമൽകുമാർ, ശ്യാം കുമാർ, അദിൻ അശോക് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പൂനെയിൽ ക്യാമ്പു ചെയ്‌ത് പ്രതികളെ പിടികൂടിയത്.
Also Read: ഓൺലൈൻ തട്ടിപ്പിൽ കുരുങ്ങി കേരളം; പിന്നിൽ കൂടുതലും വിദേശികൾ