തിരുവനന്തപുരം : കോവളത്ത് പൊലീസിൻ്റെ പിടിവാശിയെ തുടർന്ന് മദ്യം ഒഴിച്ചുകളയേണ്ടി വന്ന സംഭവം ആരോടും പരാതിയില്ലെന്ന് സ്വീഡിഷ് പൗരൻ സ്റ്റീവൻ. ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാൻ താനും ബാധ്യസ്ഥനാണ്. പൊലീസിനെതിരെ പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല, അവർ തൻ്റെ സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കോവളത്ത് മദ്യത്തിന്‍റെ ബില്ല് ചോദിച്ച് പൊലീസ് ; ഒഴിച്ചുകളഞ്ഞ് സ്വീഡിഷ് പൗരൻ
താന്‍ ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ ആഗ്രഹിക്കുന്നു. മദ്യം വാങ്ങി തിരിച്ചുവരും വഴിയാണ് പൊലീസ് പരിശോധനയുണ്ടായത്. എൻ്റെ ബാഗ് പരിശോധിച്ചപ്പോൾ മദ്യം കണ്ടെത്തി. ബില്‍ ആവശ്യപ്പെട്ടപ്പോൾ ബില്ല് മറന്നുവെന്ന് പൊലീസിനോട് പറഞ്ഞു. താൻ തിരികെ പോയി ബില്‍ ലഭിക്കുമോ എന്ന് നോക്കട്ടെയെന്ന് പൊലീസിനോട് പറഞ്ഞു.
'ഭാഗ്യത്തിന് ബില്ല് അവിടെ ഉണ്ടായിരുന്നു'
പക്ഷേ ഞാൻ പറഞ്ഞത് അവർ ശ്രദ്ധിച്ചത് പോലുമില്ല. എന്തുചെയ്യാം, എനിക്കവരോട് നിർബന്ധിക്കാൻ കഴിയില്ലല്ലോ. കുപ്പികൾ എറിഞ്ഞുകളയാൻ എന്നോടവർ ആവശ്യപ്പെട്ടു. പക്ഷേ പരിസര മലിനീകരണത്തിൻ്റെ ഭാഗമാകാൻ എനിക്ക് കഴിയില്ല. ഞാൻ രണ്ട് ബോട്ടിൽ മദ്യം ഒഴിച്ചുകളഞ്ഞു.
ഒഴിച്ചുകളയണ്ട, ബെവ്റേജസ് ഔട്ട്ലെറ്റില്‍ പോയി ബില്‍ കൊണ്ടുവന്നാൽ മതിയെന്ന് പൊലീസുകാര്‍ പറയുകയുണ്ടായി. ഞാൻ തിരികെ ഔട്ട്‌ലറ്റില്‍ പോയി. എൻ്റെ ഭാഗ്യത്തിന് ബില്‍ അവിടെ ഉണ്ടായിരുന്നു. ഞാനത് കൊണ്ടുവന്ന് പൊലീസിനെ കാണിച്ചു. എനിക്കെതിരെ മറ്റ് നടപടിയൊന്നുമില്ല, സമാധാനമായിരിക്കൂ എന്നാണ് അപ്പോൾ അവർ പറഞ്ഞത്.
ALSO READ: കോവളത്ത് വിദേശ പൗരന്‍ മദ്യം ഒഴുക്കി കളഞ്ഞ സംഭവം: എസ്.ഐക്ക് സസ്പെൻഷൻ
പൊലീസിനെതിരെ പരാതി കൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവർ എൻ്റെ സുഹൃത്തുക്കളാണ്. ഞാൻ ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞദിവസമാണ് വിദേശ പൗരൻ്റെ മദ്യത്തിൻ്റെ ബിൽ ആവശ്യപ്പെട്ട് പൊലീസ് അപമാനിച്ച സംഭവമുണ്ടായത്. സംഭവം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി റിപ്പോർട്ട് തേടുകയും ഗ്രേഡ് എസ്.ഐയെ സസ്പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.