തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരായ വ്യാജ ബിരുദം സംബന്ധിച്ച കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കന്‍റോണ്‍മെന്‍റ് പൊലീസ് സർക്കിൾ ഇൻസ്പെക്‌ടറാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. വ്യാജ നിയമനം എം.ശിവശങ്കറിന്‍റെ അനുമതിയോടെയാണെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ എം.ശിവശങ്കറിനെ സാക്ഷി പട്ടികയിൽ പോലും ഉൾപ്പെടുത്താതെയാണ് കുറ്റപത്രം സമർപ്പിച്ചത്. സ്വപ്‌ന സുരേഷും വ്യാജ രേഖയുണ്ടാക്കിയ സച്ചിൻ ദാസും മാത്രമാണ് പ്രതികൾ. സ്വപ്‌നയ്ക്ക് ജോലി കൊടുത്തതിന്‍റെ പേരിൽ നേരത്തെ സർക്കാർ എം.ശിവശങ്കറിനെ സസ്പെൻഡ് ചെയ്തിരുന്നു. എഫ്ഐആറിൽ ഉണ്ടായിരുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, വിഷൻ ടെക്നോളജി എന്നിവരെയും ഒഴിവാക്കി.
വ്യാജ ബിരുദം നൽകിയാണ് ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ സ്വപ്‌ന നിയമനം നേടിയത്. മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ്കര്‍ സർവകലാശാലയുടെ പേരിലാണ് സർട്ടിഫിക്കറ്റുണ്ടാക്കിയത്. ശിവശങ്കറിന്‍റെ അറിവോടെയാണ് നിയമനമെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തൽ പൊലീസ് പരിശോധിച്ചിരുന്നില്ല.