തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ആരോപിക്കുന്ന ഷാജ് കിരൺ ഇന്ന് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകും. സ്വപ്‌ന പ്രതിയായ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് ഷാജ് കിരൺ ഹാജരാക്കുന്നത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ എറണാകുളം പൊലീസ് ക്ലബിൽ ഹാജരാകുമെന്നാണ് ഷാജ് കിരൺ അറിയിച്ചത്.
സ്വർണക്കടത്ത് കേസിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് സമ്മർദം ചെലുത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണം സ്വപ്‌ന പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു ഷാജ് കിരണും, സുഹൃത്ത് ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് കടന്നത്. സ്വപ്‌ന പുറത്ത് വിട്ട ഓഡിയോ സന്ദേശം എഡിറ്റ് ചെയ്‌തതാണെന്നും യഥാർഥ വീഡിയോ പുറത്ത് വിടുമെന്നും, ഡിലീറ്റ് ചെയ്‌ത ഈ വീഡിയോ വീണ്ടെടുക്കാനാണ് ചെന്നൈയിലേക്ക് പോയതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
അതേസമയം ഷാജ് കിരൺ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കിയതിന് പിന്നാലെയാണ് ഇയാൾ അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നത്. മുൻകൂർ നോട്ടിസ് നൽകി അന്വേഷണ സംഘത്തിന് ഷാജിനെയും, സുഹൃത്ത് ഇബ്രാഹിമിനെയും ചോദ്യം ചെയ്യാമെന്ന നിർദേശം നൽകിയായിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്. ഗൂഢാലോചനക്കേസിൽ ഇരുവരും പ്രതികളല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 'രാഷ്‌ട്രീയ നേട്ടത്തിനായി തന്ത്രപൂർവം തന്നെ ഗൂഢാലോചനയിൽ കുടുക്കുകയായിരുന്നു. സൗഹൃദ സംഭാഷണം റെക്കോഡ് ചെയ്‌ത് ഉപയോഗിച്ചുവെന്നും ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയതായും' ഷാജ് കിരൺ വ്യക്തമാക്കിയിരുന്നു.