തിരുവനന്തപുരം: കെഎസ്ആർടിസി ജില്ല ഓഫിസിലേക്കുള്ള ജീവനക്കാരെ പുനർവിന്യസിച്ച് ഉത്തരവിറങ്ങി. കെഎസ്ആർടിസി പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പഠനം നടത്തിയ സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായി 15 ജില്ല ഓഫിസുകളായി നിജപ്പെടുത്തിയിരുന്നു. അതിലേക്കുള്ള ജീവനക്കാരെ മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്.
167 സൂപ്രണ്ടുമാർ, 720 അസിസ്റ്റന്‍റുമാർ, 47 ടൈപ്പിസ്റ്റ്, 129 പ്യൂൺ തസ്‌തികകളിലെ ജീവനക്കാരെയാണ് പുനർവിന്യസിച്ചത്. ഈ മാസം 18 മുതൽ ജില്ല ഓഫിസുകളുടെ പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ രണ്ട് ഓഫിസുകൾ ഉൾപ്പെടെ സംസ്ഥാനത്ത് ഇനി മുതൽ കെഎസ്ആർടിസിക്ക് 15 ജില്ല അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസുകളായിരിക്കും ഉണ്ടാവുക. സൗത്തിൽ പാപ്പനംകോടും നോർത്തിൽ നെടുമങ്ങാടുമാണ് തിരുവനന്തപുരം ജില്ലയിലെ കെഎസ്ആർടിസി അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസുകൾ.
മിനിസ്ട്രീരിയൽ വിഭാഗത്തെ രണ്ടായി തിരിച്ച് യോഗ്യതയുള്ള 168 പേർക്ക് പരിശീലനം നൽകിയ ശേഷം അക്കൗണ്ട്സ് വിഭാഗവും ഇവിടെ തന്നെ പ്രവർത്തിക്കും. ഇനി മുതൽ ഡിപ്പോ ഓഫിസുകളിൽ സർവീസ് ഓപ്പറേഷനും, അത്യാവശ്യമുള്ള മെയിന്‍റനൻസ് വിഭാഗവുമായിരിക്കും പ്രവർത്തിക്കുക. ഡിപ്പോകളിലും ഓപ്പറേഷൻ സെന്‍ററുകളിലും ഇനി മുതൽ മിനിസ്ട്രീരിയൽ വിഭാഗം ഉണ്ടാകില്ല.