തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പരിശോധന സംവിധാനമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പിപിഇ കിറ്റ് ആര് നല്‍കുമെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. പിഎസ്‌സി ആസ്ഥാനത്ത് യുവമോർച്ച നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. വിമാന കമ്പനികൾ പിപിഇ കിറ്റ് നല്‍കുമെന്നാണ് സർക്കാർ പറയുന്നത്. വിമാന കമ്പനികൾ കിറ്റ് കൊടുക്കുന്ന കാര്യത്തില്‍ എന്ത് ഉറപ്പാണുള്ളത്. സർക്കാരിന്‍റെ ഉദ്ദേശം വ്യക്തമാണ്. പ്രവാസികൾ മടങ്ങി വരരുതെന്ന നിലപാടാണ് സർക്കാരിനെന്നും പ്രവാസികളുടെ മടങ്ങിവരവിനായി സർക്കാർ ഏർപ്പെടുത്തിയ സംവിധാനങ്ങൾ പരാജയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
പ്രവാസി വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വാരിയം കുന്നത്ത് സിനിമ വിവാദം. എകെജി സെന്‍ററാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. ആരോഗ്യമന്ത്രിക്ക് എന്തോ പുരസ്കാരം കിട്ടിയെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും അടിയന്തരമായി നിയമനങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടാണ് പിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ യുവമോർച്ച ഉപവാസ സമരം നടത്തുന്നത്.