ന്യൂഡൽഹി: ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ പുനരന്വേഷണത്തിന് താത്‌കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിലെ തുടർ നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്‌തത്. കേസിൽ തീരുമാനമാകുന്നത് വരെ ആന്‍റണി രാജുവിനെതിരെ നടപടി പാടില്ലെന്നും സുപ്രീം കോടതി ജസ്റ്റിസ് സിടി രവികുമാർ അധ്യക്ഷനായ ബെഞ്ച് ഇന്ന് ഉത്തരവിട്ടു.
ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിനും എതിർകക്ഷിക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു. ആന്‍റണി രാജുവിനെതിരായ കേസിൽ തുടർ നടപടി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനും ആന്‍റണി രാജുവിനും സുപ്രീം കോടതി നോട്ടിസ് അയച്ചു. ആന്‍റണി രാജു അഭിഭാഷകനായിരിക്കെ, ലഹരിമരുന്നു കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന് കാട്ടിയുള്ളതാണ് കേസ്.
കേസ്, പ്രതിയുടെ അടിവസ്‌ത്രത്തിൽ കൃത്രിമം കാണിച്ചതില്‍: 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ലഹരിമരുന്ന് കേസില്‍ ഓസ്ട്രേലിയൻ പൗരന്‍ പിടിയിലായിരുന്നു. കേസിലെ ശിക്ഷയിൽ നിന്നും പ്രതിയെ രക്ഷപ്പെടുത്താൻ, തൊണ്ടിയായ അടിവസ്‌ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. കേസിൽ ആന്‍റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. 2023 മാർച്ച് 10ന്, കേരള ഹൈക്കോടതിയിലെ സിംഗിൾ ജഡ്‌ജിയാണ് കേസ് റദ്ദാക്കിയത്. സെക്ഷൻ 195 (1) (ബി) സിആര്‍പിസി പ്രകാരമാണ് തെളിവുകൾ കെട്ടിച്ചമച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തത്.
അതേസമയം, കുറ്റകൃത്യം നീതിന്യായ നിർവഹണത്തെ തടസപ്പെടുത്തുന്ന ഗുരുതരമായ സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയ കോടതി, സിആർപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസില്‍ പുനരന്വേഷണത്തിനുള്ള നടപടി സ്വീകരിക്കാൻ കോടതി രജിസ്ട്രിക്ക് നിർദേശം നൽകുകയായിരുന്നു. മന്ത്രിക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് മൂന്നാം കക്ഷിയായ മാധ്യമപ്രവര്‍ത്തകന്‍ എംആർ അജയൻ അടുത്തിടെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ ഹൈക്കോടതിയുടെ പുനരന്വേഷണ ഉത്തരവിനെ ചോദ്യം ചെയ്‌ത് മന്ത്രി ആന്‍റണി രാജു മറ്റൊരു ഹർജിയും സമർപ്പിച്ചു. രണ്ട് ഹർജികളും ജസ്റ്റിസുമാരായ സിടി രവികുമാർ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ലിസ്റ്റ് ചെയ്‌തിരുന്നത്.
ഹൈക്കോടതിയെ സമീപിച്ച് ആന്‍റണി രാജു: തൊണ്ടിമുതല്‍ കേസില്‍ തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2022 ഓഗസ്റ്റില്‍ മന്ത്രി ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചിരുന്നു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസാണ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ അന്വേഷണം നടത്താനോ കുറ്റപത്രം സമർപ്പിക്കാനോ പൊലീസിനും ഇത്തരത്തിൽ സമർപ്പിക്കുന്ന കുറ്റപത്രം ഫയലിൽ സ്വീകരിക്കാൻ കോടതിക്കും അവകാശമില്ലെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തൊണ്ടിമുതല്‍ മോഷണ കേസില്‍ വിചാരണക്കോടതിയിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. 2006ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ അനന്തമായി നീളുന്നത് ഗൗരവകരമാണെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജിയിൽ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.