തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ പോര് തുടരുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ കീഴിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജനറൽ സെക്രട്ടറിമാരായ എം.ടി രമേശും എ.എൻ രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും. ഇവരെ അനുനയിപ്പിക്കനായി ദേശീയ സംഘടന സെക്രട്ടറി ബി.എൽ സന്തോഷ് നടത്തിയ ചർച്ചയും ഫലം കണ്ടില്ല. സുരേന്ദ്രന് കീഴിൽ പ്രവർത്തിക്കാനും പാർട്ടി പദവികൾ ഏറ്റെടുക്കാനും ഇല്ലെന്ന നിലപാട് എഎൻ രാധാകൃഷ്ണൻ ചർച്ചയിൽ ആവർത്തിച്ചു. ശോഭ സുരേന്ദ്രനും ഇതേ നിലപാടിലാണ്.
കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ അതൃപ്തി അറിയിച്ച് മൂന്ന് നേതാക്കളും രംഗത്ത് വന്നിരുന്നു. സുരേന്ദ്രന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും മൂന്ന് നേതാക്കളും വിട്ട് നിന്നതും ചർച്ചയായിരുന്നു. സുരേന്ദ്രന്‍റെ നേതൃത്വത്തെ അംഗീകരിക്കില്ല എന്ന നിലപാട് കൃഷ്ണദാസ് പക്ഷം പരസ്യമാക്കുകയും ചെയ്തതോടെ സംസ്ഥാന പുനസംഘടന വഴിമുട്ടി. ഈ സാഹചര്യത്തിലാണ് നേതാക്കളെ അനുനയിപ്പിക്കാൻ കേന്ദ്ര നേതൃത്വം ഇടപെട്ടത്. എന്നാൽ കേന്ദ്രത്തിന്‍റെ അനുനയ നീക്കത്തോട് സഹകരിക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് നേതാക്കൾ. സ്ഥിതി ഇങ്ങനെ പോയാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയിലാണ് വി. മുരളീധരപക്ഷം. മൂന്ന് നേതാക്കളും വഴങ്ങിയില്ലെങ്കിലും രണ്ടു പേരെ എങ്കിലും അനുനയിപ്പിച്ച് പ്രശ്നം അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം.