തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്‌തമാവുന്നു. 6 ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
വ്യാഴാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ശ്രീലങ്കയ്‌ക്കും തമിഴ്‌നാടിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് സംസ്ഥാനത്ത് മഴ തുടരാന്‍ കാരണം. തെക്കേ ഇന്ത്യക്ക് മുകളിലായി ന്യൂനമര്‍ദത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നത് സംസ്ഥാനത്തെ മഴയെ സ്വാധീനിക്കുന്നുണ്ട്.
ഇതിന്‍റെ ഭഗമായി വരുന്ന 5 ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരും. നാളെ ഉച്ചയോടെ മഴ ശക്‌തിപ്പെടാനാണ് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും മഴ കനക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ബുധനാഴ്‌ച ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റും ഉണ്ടായേക്കാം. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.