തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച വരെ വേനൽ മഴ തുടരാൻ സാധ്യതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ എട്ട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത ഉള്ളതെന്നാണ് പ്രവചനം.
അതേസമയം കേരളം-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ദുരന്ത നിവാരണ അതോറിറ്റി ഇത് സംബന്ധിച്ച ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചു.
ജാഗ്രത നിർദേശങ്ങൾ ഇവ: ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് തുറസായ സ്ഥലങ്ങളിലോ മൈതാനങ്ങളിലോ നിൽക്കരുത്. മൊബൈൽ ഫോൺ ഉപയോഗം പാടില്ല. വൈദ്യുതി ബന്ധം വിഛേദിക്കണം. വീടിന്‍റെ വാതിലും ജനാലകളും അടച്ചിടണം. കുളങ്ങളിലും പുഴകളിലും മീൻ പിടിക്കാനോ കുളിക്കാനോ പോകാൻ പാടില്ല. വൃക്ഷങ്ങളുടെ ചുവട്ടിലോ ചില്ലകളിലോ ഇരിക്കാൻ പാടില്ല. മിന്നലേൽക്കുന്ന ആൾക്ക് അടിയന്തരമായി വൈദ്യ സഹായം ലഭ്യമാക്കണം. വേനൽ മഴ നേരിയ തോതിൽ പെയ്യുന്ന സാഹചര്യത്തിൽ കനത്ത വേനൽ ചൂടിന് അല്‍പം ശമനം ലഭിച്ചിരിക്കുകയാണ്.
വേനൽ ചൂടിൽ ആരോഗ്യം സംരക്ഷിക്കാം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഉയർന്ന ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥയ്ക്ക് അനുസരിച്ച് ആരോഗ്യ സംരക്ഷണം അടിയന്തരമായി പരിഗണിക്കേണ്ട ഒന്നാണ്. വേനൽ ചൂടും അമിത വിയർപ്പും നമ്മുടെ ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കുന്നതിനാൽ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ശരീര താപനില വ്യതിയാനങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാത്ത അവസ്ഥയിൽ ഉഷ്‌ണാഘാതം ഉണ്ടാകും.
ഈ സാഹചര്യത്തില്‍ വെയിലത്ത് ഇറങ്ങുന്നത് ശ്രദ്ധയോടെ വേണം. വേനൽക്കാലത്ത് കട്ടികുറഞ്ഞ അയഞ്ഞ വസ്‌ത്രങ്ങൾ മാത്രം ധരിക്കുന്നത് ശരീര താപനില നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. സൂര്യപ്രകാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ പുറത്തിറങ്ങുമ്പോൾ 99 ശതമാനം അൾട്രാ വയലറ്റ് കിരണങ്ങളെ പ്രതിരോധിക്കുന്ന സണ്‍ഗ്ലാസുകൾ ധരിക്കുന്നത് സഹായകരമാകും. മദ്യം, കോഫി തുടങ്ങിയവ നമ്മുടെ ശരീരത്തിൽ വളരെ പെട്ടെന്ന് നിർജലീകരണം ഉണ്ടാക്കുന്നതിനാൽ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
നിര്‍ജലീകരണം തടയാന്‍ കരിക്കിന്‍ വെള്ളം: ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ ഏറെ സഹായകമാകുന്ന ഒന്നാണ് കരിക്കിന്‍ വെള്ളം. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന കരിക്കിന്‍ വെള്ളത്തിന്‍റെ പ്രാധാന്യം നാം അറിയാതെ പോകുകയാണ് പലപ്പോഴും. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം മുതലായ ഇലക്‌ട്രോണുകളാല്‍ സമ്പന്നമായ കരിക്കിന്‍ വെള്ളം ശരീരത്തിലെ ലവണങ്ങളെ നിലനിര്‍ത്താന്‍ സഹായിക്കും. അതായത് വിയര്‍പ്പിലൂടെ ലവണാംശങ്ങള്‍ പുറത്തേക്ക് പോകുമ്പോള്‍ അവ ശരിയായ രീതിയില്‍ നിലനിര്‍ത്താന്‍ കരിക്കിന്‍ വെള്ളം സഹായിക്കുന്നു.
കൂടാതെ താപനില ഉയരുമ്പോള്‍ ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ വിഭവമാണ് കരിക്ക്. ചൂട് മൂലം ഉണ്ടാകുന്ന സമ്മര്‍ദം കുറയ്‌ക്കാനും ഇത് സഹായിക്കും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള കഴിവും കരിക്കിന്‍ വെള്ളത്തിനുണ്ട്. കാത്സ്യം, അയേണ്‍, വിറ്റാമിന്‍ സി, എന്നിവയാല്‍ സമൃദ്ധമാണ് കരിക്കിന്‍ വെള്ളം.