തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ വിനോദ് കുമാറാണ് അത്മഹത്യാശ്രമം നടത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പാപ്പനംകോട് ഡിപ്പോയിലെ ബസിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
എലിവിഷം കഴിച്ച് അത്യാസന്ന നിലയിലായ വിനോദിനെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. കെഎസ്ആർടിസി വിതരണം ചെയ്ത പകുതി ശമ്പളം ലോണും മറ്റുമായി പിടിച്ചിരുന്നു. മറ്റ് മാർഗങ്ങളില്ലാതായതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വിനോദിന്റെ സഹപ്രവർത്തകർ പറഞ്ഞു. ദീർഘനാളായി ശമ്പളം മുടങ്ങിയതിനാൽ വിനോദ് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഡിപ്പോയിലെത്തി പ്രതിഷേധിച്ച ശേഷമാണ് ഇയാൾ വിഷം കഴിച്ചത്. വിനോദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.