തിരുവനന്തപുരം: അകക്കണ്ണിന്‍റെ വെളിച്ചം കൊണ്ട് ഐഎഎസ് കരസ്ഥമാക്കിയ പ്രഞ്ജാല്‍ പാട്ടീലിന് മന്ത്രി കെ.കെ.ശൈലജയുടെ അനുമോദനം. തിരുവനന്തപുരം സബ് കലക്‌ടറായി ചുമതയേറ്റ പ്രഞ്ജാല്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കാഴ്‌ചശക്തിയില്ലാത്ത ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രഞ്ജാല്‍ പാട്ടീല്‍. മന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച. പരിമിതികളെ അതിജീവിച്ച് നിശ്ചയദാര്‍ഢ്യത്തിലൂടെ ഐഎഎസ് നേടിയ പ്രഞ്ജാലിനെ മന്ത്രി അഭിനന്ദിച്ചു. സാമൂഹിക നീതിവകുപ്പിന്‍റെ കീഴില്‍ വരുന്ന ഭിന്നശേഷി വിഭാഗത്തിന്റെ മന്ത്രിയെന്ന നിലയില്‍ പ്രഞ്ജാലിന്റെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി, ഭിന്നശേഷിയുള്ളവര്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. വിപരീത സാഹചര്യങ്ങളെ അതിജീവിച്ച് മുന്നിലെത്തിയ പ്രഞ്ജാല്‍ സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
മഹാരാഷ്ട്ര സ്വദേശിയായ പ്രഞ്ജാലിന് തന്റെ ആറാം വയസിലാണ് കാഴ്‌ച നഷ്ടപ്പെട്ടത്. ആദ്യശ്രമത്തില്‍ പരാജയപ്പെട്ട പ്രഞ്ജാല്‍ രണ്ടാം തവണ കഠിനാധ്വാനത്തിലൂടെ 124-ാം റാങ്ക് കരസ്ഥമാക്കിയാണ് സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. എറണാകുളം അസിസ്റ്റന്റ് കലക്ടറുടെ ചുമതലയില്‍ നിന്നാണ് പ്രഞ്ജാല്‍ പാട്ടീല്‍ തിരുവനന്തപുരം സബ് കലക്‌ടറും ആര്‍ഡിഒയുമായി ചുമതലയേറ്റത്.