മലയാളികളുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നിരുന്നാലും ഇവരില്‍ ആരാണ് മികച്ച നടന്‍? മമ്മൂട്ടിയോ മോഹന്‍ലാലോ?.
കാലഭേദമന്യേ, പ്രായഭേദമന്യ ആളുകള്‍ സംവാദത്തിനായി ഏറ്റവുമാദ്യം തിരഞ്ഞെടുക്കുന്ന ഒരു വിഷയം കൂടിയാണ് ഇത്. ഒരിക്കലെങ്കിലും ഈ വിഷയത്തില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടാത്ത ഒരു മലയാളിയും കാണില്ല. മലയാള സിനിമയുടെ അളവുകോല്‍ എന്ന് വേണമെങ്കില്‍ ഈ രണ്ട് താരങ്ങളെയും വിശേഷിപ്പിക്കാം.
മലയാള സിനിമയിലെ സുവര്‍ണ കാലഘട്ടത്തെ അനശ്വരമാക്കിയ രണ്ട് കലാകാരന്‍മാരാണ് ഇരുവരും എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല, രണ്ട് പേരും അവരുടെ കഴിവുകള്‍ മികച്ച രീതിയില്‍ തന്നെ പ്രകടമാക്കിയിട്ടുമുണ്ട്. എന്നാല്‍, ആരാണ് മികച്ച നടന്‍ എന്നതിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.
കാലങ്ങള്‍ മാറിയിട്ടും അവര്‍ മലയാള സിനിമയില്‍ മുന്നിട്ട് നില്‍ക്കുന്നതിന്‍റെ കാരണമെന്താണ്?. മറ്റുള്ള നടന്‍മാര്‍ക്കില്ലാത്ത എന്ത് സവിശേഷതകളാണ് ഇരുവര്‍ക്കുമുള്ളത്?. ഇതിന് ഒരു ഉത്തരമെന്നോണം മലയാള സിനിമ മേഖലയുടെ ചരിത്രവും നിലവിലെ സാഹചര്യവും പരിശോധിക്കാം.
ആദ്യം തിക്കുറിശ്ശി, പ്രേം നസീർ, സത്യൻ എന്നിവരായിരുന്നു മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍. 1970കളുടെ അവസാന കാലഘട്ടമെത്തിയപ്പോള്‍ ജയൻ മലയാളിയുടെ മനസില്‍ കുടിയേറി, ശരിക്കും സൂപ്പർതാര പരിവേഷം എന്താണെന്ന് തെളിയിക്കുകയും ചെയ്‌തു. എന്നാല്‍ മലയാള സിനിമയ്‌ക്ക് തിരിച്ചടിയേറ്റ കാലഘട്ടമായിരുന്നു ജയന്‍റെ മരണം. കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിന്‍റെ സമയം ഹെലികോപ്‌റ്ററില്‍ നിന്ന് വീണുണ്ടായ അപകടത്തിലായിരുന്നു ജയന്‍ വിടവാങ്ങിയത്.
ഈ സമയം, സൂപ്പര്‍താര പരിവേഷമില്ലെങ്കിലും ഒരു പിടി യുവതാരങ്ങൾ മലയാള സിനിമയുടെ ഭാഗമായി. മമ്മൂട്ടിക്കും മോഹന്‍ലാലും അവർക്കിടയില്‍ അഭിനേതാക്കളായി തിളങ്ങുകയും ചെയ്‌തു. 1986ല്‍ പുറത്തിറങ്ങിയ രാജാവിന്‍റെ മകന്‍ എന്ന ചിത്രത്തിലെ മാസ്‌മരിക കഥാപാത്രം തന്നെയാണ് മോഹന്‍ലാല്‍ എന്ന നടന് സൂപ്പര്‍സ്‌റ്റാര്‍ പരിവേഷം നേടികൊടുത്തത്. അതേസമയം, 1988ല്‍ പുറത്തിറങ്ങിയ ന്യൂഡല്‍ഹി എന്ന ചിത്രത്തിലെ കഥാപാത്രമാണ് മമ്മൂട്ടിയെ സൂപ്പര്‍സ്‌റ്റാര്‍ ആക്കിയത്.
ഇരുവരും തിരഞ്ഞെടുത്തിരുന്ന കഥാപാത്രങ്ങള്‍ ഇരുവരെയും വ്യത്യസ്‌തരാക്കിയിരുന്നുവെന്നതാണ് വസ്‌തുത. പ്രേക്ഷക മനസ് കീഴടക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള മികച്ച കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. 1990കളില്‍ ഇരുവരും തിളങ്ങി നിന്നിരുന്ന സമയത്താണ് സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങളുടെ ഉദയം.
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ തന്നെ അടുത്ത ഘട്ടത്തിലെ മത്സരാര്‍ഥികളായി ഇരുവരും മാറി. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്‌ടമുള്ള സിനിമകളും പൊലീസ് ആക്ഷന്‍ ത്രില്ലര്‍ പോലുള്ള സിനിമകളും തിരഞ്ഞെടുക്കുന്നതില്‍ ഇരുവരും വിജയിച്ചിരുന്നു. എന്നിരുന്നാലും മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെ തട്ട് താണു തന്നെയിരുന്നുവെന്നതും ശ്രദ്ധേയമാണ്.
അഭിനയത്തിന് പുറമെ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മികച്ച സിനിമകള്‍ നിര്‍മിക്കുന്നതിലും ഇരുവരും മുഖ്യപങ്ക് വഹിച്ചിരുന്നു. കുറച്ച് കാലത്തേയ്‌ക്കെങ്കിലും തന്‍റെ സിനിമ ചരിത്രത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴായിരുന്നു 2013ല്‍ മോഹന്‍ലാല്‍, ദൃശ്യം എന്ന ചിത്രം തിരഞ്ഞെടുത്തത്.
മലയാള സിനിമ ചരിത്രത്തിലെ തന്നെ മികച്ച വിജയം കൊയ്‌ത ചിത്രം തന്നെയായിരുന്നു ദൃശ്യം. ദൃശ്യം മികച്ച വിജയം നേടിയപ്പോള്‍ മോഹന്‍ലാല്‍ കുടുംബപ്രേക്ഷകരുടെ പ്രീതി നേടുന്ന തരത്തിലുള്ള സിനിമകള്‍ മാത്രമേ ഇനി മുന്നോട്ടുള്ള ഘട്ടത്തില്‍ തിരഞ്ഞെടുക്കുകയുള്ളു എന്ന് കരുതിയിരുന്നവര്‍ക്ക് തെറ്റുപറ്റി. പിന്നീട് അദ്ദേഹം ആക്ഷന്‍ ചിത്രങ്ങളായ പുലിമുരുഗന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് പ്രേക്ഷകര്‍ക്ക് വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ സമ്മാനിച്ചു.
ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടിയും ഒട്ടും പിന്നിലല്ല. 2022ല്‍ പുറത്തിറങ്ങിയ ഭീഷ്‌മ പര്‍വം, റോഷാക്ക് തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് വൈവിധ്യമാര്‍ന്ന അനുഭൂതി പകരുന്നതാണ്. കൂടാതെ, അഭിനയത്തില്‍ 51 വര്‍ഷത്തെ പരിചയമുണ്ടെങ്കിലും നിലവിലെ കാലഘട്ടത്തിന് അനുസരിച്ചുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം എപ്പോഴും മുന്‍പന്തിയിലാണ്.
അതിനാല്‍ തന്നെ ആരാണ് മികച്ച നടന്‍ എന്ന് തിരഞ്ഞെടുക്കുന്നത് മലയാളികളെ സംബന്ധിച്ച് അല്‍പം പ്രയാസമാണ്. തങ്ങളുടെ താരം മികച്ചതാണ് എന്ന് പ്രകടമാക്കുന്നതിനായി ഇരുവരുടെയും ആരാധകര്‍ പല വിധത്തിലുള്ള കാരണങ്ങളും നികത്താറുണ്ട്. ചില തര്‍ക്കങ്ങള്‍ രസകരമായും മറ്റ് ചില തര്‍ക്കങ്ങള്‍ അക്രമത്തിലും കലാശിക്കാറുണ്ട്.
മമ്മൂട്ടി എന്ന നടന്‍റെ ആരാധകരുടെ വാദങ്ങള്‍
- മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ നിരവധി തവണ ഏറ്റുവാങ്ങിയ വ്യക്തയാണ് മമ്മൂട്ടി
- തനിയാവര്‍ത്തനം, വാത്സല്യം, അമരം തുടങ്ങിയ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ പകരം വയ്‌ക്കാനില്ലാത്തവയാണ്.
- വടക്കന്‍ വീരഗാഥയിലെ ചന്തു എന്ന കഥാപാത്രം, വിധേയന്‍ എന്ന ചിത്രത്തിലെ പട്ടേല്‍ , പഴശ്ശിരാജയിലെ പഴശ്ശി തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് ഒരിക്കലും സാധ്യമല്ല.
- സിബിഐ ഡയറിക്കുറിപ്പ് പോലുള്ള മികച്ച സിനിമ പരമ്പര മോഹന്‍ലാലിന് ഇല്ല
- മോഹന്‍ലാലിനെ അപേക്ഷിച്ച് ചില ചിത്രങ്ങളില്‍ മമ്മൂട്ടി മാസ്‌മരിക പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്.
അതേസമയം, മോഹന്‍ലാല്‍ ഒരു ബഹുമുഖ പ്രതിഭ എന്ന നിലയിലാണ് ആരാധകര്‍ വാദിക്കുന്നത്,
- മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടിയ വ്യക്തിയാണ് മോഹന്‍ലാല്‍
- മോഹന്‍ലാലിനെ പോലെ ഡാന്‍സ് ചെയ്യുവാനോ കോമഡി കഥാപാത്രങ്ങൾ അവതരിപ്പിക്കുവാനോ മമ്മൂട്ടിക്ക് സാധ്യമല്ല
- ഭൂമിയോളം താഴ്‌ന്ന വ്യക്തിത്വമാണ് മോഹന്‍ലാലിന്
- എന്ത് റോളുകളും അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് സാധിക്കുന്നു
- 'പോടാ മോനേ ദിനേശാ' തുടങ്ങിയ ഡയലോഗുകള്‍ കൊണ്ട് ഒരു ട്രെന്‍റ് തന്നെ രൂപപ്പെടുത്തുവാന്‍ മോഹന്‍ലാലിന് സാധിക്കുന്നു.
വര്‍ഷങ്ങളായി തുടരുന്ന സംവാദത്തിന് ഒരു ചെറിയ പരിഹാരമെന്നോണം ഓര്‍മാക്‌സ് മീഡിയ മലയാളികള്‍ക്കിടയില്‍ ഒരു നിരീക്ഷണം നടത്തി. മികച്ച ജനപ്രീതിയുള്ള താരം ആരാണെന്ന് കണ്ടെത്തുന്നതിനായിരുന്നു ഓര്‍മാക്‌സിന്‍റെ പരീക്ഷണം.
മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല, മറ്റ് ഭാഷകളിലെ താരങ്ങളും ഇതില്‍ ഉള്‍പെട്ടിരുന്നു. അതില്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള താരം മോഹന്‍ലാലെന്ന് കണ്ടെത്തി. 53 ശതമാനം ആളുകളും പിന്തുണച്ചിരുന്നത് മോഹന്‍ലാലിനെയാണ്. പക്ഷേ, മമ്മൂട്ടിയും ഒട്ടും പുറകിലല്ല. 44 ശതമാനം മലയാളികളാണ് മമ്മൂട്ടിയെ ഇഷ്‌ടപ്പെടുന്നവര്‍.
രണ്ട് താരങ്ങള്‍ക്കും ലഭിച്ച ജനപ്രീതി കണക്കിലെടുത്താല്‍ ശരാശരി 95 ശതമാനത്തോളമാണ് വരിക. ആരാധകരെ സംബന്ധിച്ച് ഏറ്റവുമധികം ആശ്വാസം നല്‍കുന്ന ഒന്നാണ് ഇരു താരങ്ങളും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍. ഏകദേശം 16ല്‍ പരം ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍
- അഹിംസ - 1981
- ചങ്ങാത്തം -1983
- പടയോട്ടം -1983 (മമ്മൂട്ടി മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിച്ച ചിത്രം)
- അതിരാത്രം - 1984
- അടിയൊഴുക്കുകള്‍ - 1984
- ആള്‍ക്കൂട്ടത്തില്‍ തനിയെ - 1984
- ഒന്നാണ് നമ്മള്‍ - 1984
- ഇടനിലങ്ങള്‍ - 1985
- ഗീതം - 1986
- മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു - 1986
- അടിമകള്‍ ഉടമകള്‍ - 1987
- മനു അങ്കിള്‍ - 1988
- നമ്പര്‍ 20 മദ്രാസ് മെയില്‍ - 1990
- ഹരികൃഷ്‌ണന്‍സ് - 1998
- നരസിംഹം - 2000
- ട്വന്‍റി 20 - 2008