തിരുവനന്തപുരം: പരീക്ഷയിൽ തോറ്റ വിദ്യർഥികൾക്കടകം നൽകിയ മുഴുവൻ ആയുർവേദ ബിരുദ സർട്ടിഫിക്കറ്റും തിരികെ വാങ്ങി തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജ്. ആരോഗ്യ സർവകലാശാലയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങിയത്. ഈ മാസം 15നാണ് മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ രണ്ടാം വർഷ പരീക്ഷയിൽ പരാജയപ്പെട്ട 7 പേര്‍ ഉള്‍പ്പടെ 65 പേര്‍ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി പ്രതിഞ്ജയെടുത്തത്.
കോളജിൻ്റെയോ സർവകലാശാലയുടേയോ സീലില്ലാത്ത സർട്ടിഫിക്കറ്റാണ് വിതരണം ചെയ്‌തത്. എന്നാലും സർവകലാശാല സർട്ടിഫിക്കറ്റിൻ്റെ മാതൃകയിലുള്ള സർട്ടിഫിക്കറ്റായതിനാൽ ഭാവിയിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് മുഴുവൻ സർട്ടിഫിക്കറ്റും തിരികെ വാങ്ങിയത്. പരീക്ഷ പാസാകാതെ സർട്ടിഫിക്കറ്റ് കൈപ്പറ്റിയ 7 പേരിൽ ഒരാൾ നേരത്തെ തന്നെ പ്രിൻസിപ്പലിന് സർട്ടിഫിക്കറ്റ് തിരികെ നല്‍കിയിരുന്നു. ബാക്കിയുള്ള 64 പേരും ഇന്നലെ സർട്ടിഫിക്കറ്റ് തിരികെ നൽകി.
ALSO READ: തോറ്റ വിദ്യാർഥികൾക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ്: തുടർനടപടികളുമായി ആരോഗ്യ സര്‍വകലാശാല
ഹൗസ് സർജൻസ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഭാവിയിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ നടപടി ക്രമങ്ങൾ പൂർണമായും പാലിക്കണമെന്ന് അസോസിയേഷന് പ്രിൻസിപ്പൽ ഡോ. ജി.ജെയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ചടങ്ങിൻ്റെ സംഘാടന ചുമതലയുണ്ടായിരുന്ന രണ്ട് പേർക്ക് പ്രിൻസിപ്പൽ കാരണം കാണിക്കൽ നോട്ടിസും നൽകിയിട്ടുണ്ട്. കൂടുതൽ നടപടികളില്ലാതെ വിവാദം അവസാനിപ്പിക്കാനാണ് കോളജ് അധികൃതരുടെ നീക്കം. ഹൗസ് സർജൻസ് അസോസിയേഷൻ്റെ ഭാഗത്തു നിന്നുള്ള പിഴവിൻ്റെ പേരിൽ പരിപാടിയുമായി സഹകരിച്ച അധ്യാപകർക്കെതിരെ നടപടിക്ക് സാധ്യതയില്ല.