തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളിലും വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിനുള്ള പ്രായപരിധി 27 വയസുവരെയാക്കി ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കി. പുതിയ ഉത്തരവ് 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിനുള്ള പ്രായപരിധി കെഎസ്ആർടിസി ബസുകളിലും 27 വയസാക്കിയിരുന്നു. നേരത്തെ 25 വയസായിരുന്നു പ്രായപരിധി.
വിദ്യാർത്ഥികൾക്ക് കൺസഷൻ ആനുകൂല്യത്തിനായുള്ള പ്രായപരിധി 25 വയസായി പരിമിതപ്പെടുത്തിയത് കഴിഞ്ഞ വർഷമാണ്. കെഎസ്ആർടിസി ബസുകളിൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് പൂർണമായും സൗജന്യമായാണ് കൺസഷൻ അനുവദിച്ചിരുന്നത്. ഓരോ യാതയ്ക്കും 1 രൂപ നിരക്കിലായിരുന്നു കോളജ് വിദ്യാർഥികൾക്ക് കൺസഷൻ അനുവദിച്ചിരുന്നത്.
കെഎസ്ആർടിസിയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് വിദ്യാർഥി കൺസഷൻ സൗജന്യങ്ങളിൽ മാറ്റം വരുത്തിയതെന്നാണ് മാനേജ്മെന്‍റ് അറിയിച്ചിരുന്നത്. എന്നാൽ ഇത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കെഎസ്ആർടിസി ബസുകളിൽ പ്രായപരിധി 27 വയസാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്വകാര്യ ബസുകളിലും പ്രായപരിധി 27 വയസാക്കി ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്. ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത് വിദ്യാർഥികൾക്ക് വളരെ ആശ്വാസകരമാകും.
also read : കെഎസ്‌ആർടിസിയില്‍ പുതിയ കണ്‍സഷൻ മാർഗനിർദേശങ്ങൾ, വിദ്യാർഥികൾക്ക് ആശങ്ക