തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിദ്യാലയങ്ങളേക്കാൾ പ്രിയമേറുന്നത് എയ്‌ഡഡ് സ്‌കൂളുകൾക്കെന്ന് കണക്കുകൾ. സർക്കാർ നിയമസഭയിൽ സമർപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അൺ എയ്‌ഡഡ് സ്‌കൂളുകളിൽ നിന്ന് ഇതര സിലബസ് ഉപേക്ഷിച്ചു വരുന്ന വിദ്യാർഥികൾ കൂടുതലായി പ്രവേശനം നേടുന്നത് എയ്‌ഡഡ് സ്‌കൂളുകളിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആറു വർഷമായി ഈ പ്രവണത തുടരുകയാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ വിദ്യാലയങ്ങളെ ശാക്തീകരിക്കാൻ വിവിധ പദ്ധതികളും സൗകര്യങ്ങളും സർക്കാർ ഒരുക്കുന്നതിനിടയാണ് എയ്‌ഡഡ് വിദ്യാലയങ്ങൾക്ക് പ്രിയമേറുന്നതെന്നതാണ് ശ്രദ്ധേയം. ഒന്നാം ക്ലാസിലേക്ക് 2022 - 23 അധ്യയന വർഷത്തിൽ 60,000 ത്തോളം വിദ്യാർഥികൾ സർക്കാർ സ്‌കൂളുകളെക്കാൾ എയ്‌ഡഡ് സ്‌കൂളിൽ പ്രവേശിച്ചു.
രണ്ടു മുതൽ 10 വരെയുള്ള ക്ലാസുകളിലേക്കായി ഈ അധ്യയന വർഷം എഴുപതിനായിരത്തിലധികം വിദ്യാർഥികൾ മറ്റ് സ്‌കൂൾ ഉപേക്ഷിച്ച് എയ്‌ഡഡ് സ്‌കൂളുകളിലെത്തി. അതേ വർഷം സർക്കാർ സ്‌കൂളിൽ മാറിയെത്തിയത് 44000 ത്തിനടുത്ത് മാത്രമാണ്. മുൻ വർഷങ്ങളിലും കണക്കുകൾ ഈ വിധം തന്നെ.
സർക്കാർ സ്‌കൂളുകളിൽ അഡ്‌മിഷൻ എടുക്കുന്ന വിദ്യാർഥികൾ പോലും തൊട്ടടുത്ത വർഷം എയ്‌ഡഡ് സ്‌കൂളുകളിലേക്ക് മാറുന്ന പ്രവണതയും സാധാരണമാണ്. ഓൺലൈൻ വിദ്യാഭ്യാസകാലമായ 2020 -21 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലേക്ക് 70000 ത്തിലധികം വിദ്യാർഥികളാണ് സർക്കാർ സ്‌കൂളുകളെ അപേക്ഷിച്ചു എയ്‌ഡഡ് സ്‌കൂളിലേക്ക് അഡ്‌മിഷന് വന്നത്. രണ്ടു മുതൽ 10 വരെയുള്ള ക്ലാസുകളിൽ നാൽപ്പതിനായിരത്തിലധികവും പൊതുവിദ്യാലയങ്ങൾ മികവിന്‍റെ കേന്ദ്രങ്ങളായി മാറുന്നു എന്ന് സർക്കാർ തന്നെ അവകാശപ്പെടുമ്പോഴാണ് സർക്കാർ വിദ്യാലയങ്ങളിൽ നിന്നുള്ള ഈ കൊഴിഞ്ഞുപോക്ക്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി വിദ്യാകിരണം പദ്ധതി വഴി നിരവധി സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളുമാണ് സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്നത്. സംസ്ഥാനത്തെ അൺ എയ്‌ഡഡ് /സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നും ഇതര സിലബസ് വിദ്യാലയങ്ങളിൽ നിന്നും വിദ്യാർഥികളെ പൊതു വിദ്യാലയങ്ങളിലേക്ക് ആകർഷിക്കാനാണ് ഇത്തരം പദ്ധതികൾ എങ്കിലും വിദ്യാർഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിക്കാൻ ഇവയ്ക്ക് സാധിച്ചിട്ടില്ലെന്ന് സർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
അൺ എയ്‌ഡഡ് സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളിലേക്കും എയ്‌ഡഡ് സ്‌കൂളുകളിലേക്കും വന്ന വിദ്യാർത്ഥികളുടെ എണ്ണം
ഒന്നാം ക്ലാസിലേക്ക് പുതുതായി ചേർന്ന കുട്ടികളുടെ എണ്ണം: 2017- 18 :- സർക്കാർ സ്‌ക്കൂൾ - 96913, എയ്‌ഡഡ് സ്‌കൂൾ -164818
2018- 19 :-സർക്കാർ സ്‌ക്കൂൾ - 102697, എയ്‌ഡഡ് സ്‌കൂൾ -169112
2019- 20 :- സർക്കാർ സ്‌ക്കൂൾ - 102529, എയ്‌ഡഡ് സ്‌കൂൾ -165890
2020-21 :-സർക്കാർ സ്‌ക്കൂൾ - 105472, എയ്‌ഡഡ് സ്‌കൂൾ -171460
2021-22 :-സർക്കാർ സ്‌ക്കൂൾ - 120848, എയ്‌ഡഡ് സ്‌കൂൾ -184976
2022-23 :-സർക്കാർ സ്‌ക്കൂൾ - 105468, എയ്‌ഡഡ് സ്‌കൂൾ -162834
രണ്ട് മുതൽ പത്ത് വരെ ക്ലാസു ളിലായി പുതുതായി ചേർന്ന വിദ്യാർഥികളുടെ എണ്ണം: 2017- 18 :- സർക്കാർ സ്‌ക്കൂൾ - 59852, എയ്‌ഡഡ് സ്‌കൂൾ -96713
2018- 19 :-സർക്കാർ സ്‌ക്കൂൾ - 71360, എയ്‌ഡഡ് സ്‌കൂൾ -113368
2019- 20 :- സർക്കാർ സ്‌ക്കൂൾ - 65215, എയ്‌ഡഡ് സ്‌കൂൾ -98343
2020-21 :-സർക്കാർ സ്‌ക്കൂൾ - 68742, എയ്‌ഡഡ് സ്‌കൂൾ -106129
2021-22 :-സർക്കാർ സ്‌ക്കൂൾ - 107458, എയ്‌ഡഡ് സ്‌കൂൾ -148990
2022-23 :-സർക്കാർ സ്‌ക്കൂൾ - 44915, എയ്‌ഡഡ് സ്‌കൂൾ -75055