തിരുവനന്തപുരം: എൻഎസ്‌എസ് ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാർഥിയെ പൊലീസ് മർദിച്ചുവെന്ന് ആരോപണം. പിരപ്പൻകോട് യുഐടിയിലെ ബിബിഎ രണ്ടാം വർഷ വിദ്യാർഥി ആദിത്യനാണ് (20) മർദനമേറ്റത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ എൻഎസ്എസ് ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങാനായി തൈക്കാട് ബസ് സ്‌റ്റോപ്പിൽ നിൽക്കുകയായിരുന്ന ആദിത്യനോട് ബസ് ഷെൽട്ടറിന് എതിർവശത്ത് ബസ് കാത്തുനിൽക്കുന്നത് എന്തിനെന്ന് പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ ചോദിച്ചുവെന്നാണ് ആദിത്യൻ പറയുന്നത്.
തുടർന്ന് ആദിത്യനും എസ്ഐ രാഹുലുമായി വാക്ക് തർക്കമുണ്ടാവുകയും ജീപ്പിൽ കയറ്റി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. തന്‍റെ കൈയ്ക്കും കഴുത്തിലും മുഖത്തും പൊലീസ് മർദിച്ചുവെന്നും ആദിത്യൻ ആരോപിച്ചു. ആദിത്യനെ പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇതേ ദിവസം രാത്രി ആദിത്യൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സ തേടിയിരുന്നു. സംഭവത്തിൽ റൂറൽ എസ്‌പിക്കും മനുഷ്യാവകാശ കമ്മിഷനും ആദിത്യൻ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ വെഞ്ഞാറമൂട് സിഐ ആരോപണം നിഷേധിച്ചു. റോഡരികിൽ ഏറെ നേരം ആദിത്യൻ നിൽക്കുന്നത് കണ്ട് ചോദ്യം ചെയ്‌തപ്പോൾ ഇയാള്‍ പൊലീസിനോട് തട്ടിക്കയറുകയായിരുന്നുവെന്നും തുടർന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ചതെന്നുമാണ് സിഐയുടെ പ്രതികരണം. തൈക്കാട് ഭാഗത്ത് സ്ഥിരമായി സ്‌ത്രീകളെ ശല്യം ചെയ്യുന്നവരെ തിരിച്ചറിയാനുള്ള പതിവ് പട്രോളിങിന്‍റെ ഭാഗമായാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും സിഐ കൂട്ടിച്ചേര്‍ത്തു.