തിരുവനന്തപുരം : ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമഗ്ര ശിക്ഷ കേരളയുടെ മുന്നിൽ സ്പെഷ്യലിസ്‌റ്റ് അധ്യാപകര്‍ നടത്തിയ സമരം ഒത്തുതീർപ്പായി. പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് പാർട്ട് ടൈം നിയമനവും (ആഴ്‌ചയിൽ 3 ദിവസം ഒരു സ്‌കൂളിൽ മാത്രവും മാസത്തിൽ ഒരു തവണ ബിആര്‍സിയിലും )15,000 രൂപ ശമ്പളവും അനുവദിക്കാൻ ധാരണയായി.
19ാം തീയതി, സംഘടനയുടെ സംസ്ഥാന സെക്രട്ടറി രതീഷ് എൻ, പ്രസിഡന്‍റ് ദാസ് പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷൈനി ആനന്ദ്, അഞ്ജു കെ.ടി എന്നിവരുമായി പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നടത്തിയ ചർച്ചയിൽ 13,200 ന് പുറമെ സംസ്ഥാന സർക്കാർ നൽകുവാനുള്ള പി എഫ് വിഹിതമായ 1,800 രൂപയും ചേർത്ത് 15,000 രൂപ ശമ്പളത്തിൽ പാർട്ട് ടൈം ആയി നിയമിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം സ്‌കൂളിൽ പോയാൽ മതിയെന്നും, ബിആര്‍സികളിൽ പോകേണ്ടതില്ലെന്നും,ഒരു സ്‌കൂളിൽ മാത്രം പോയാൽ മതിയെന്നും മന്ത്രി ചർച്ചയിൽ അറിയിച്ചു.
അംഗീകരിച്ച ആവശ്യങ്ങൾ
1. സർക്കാരിന്‍റെ പിഎഫ് കോൺട്രിബ്യൂഷന്‍ ഉൾപ്പടെ 15,000 രൂപ സാലറിയായി വർധിപ്പിച്ചു.
2. മൂന്നുമാസത്തെ അരിയർ തുക 10200 രൂപ അംഗീകരിച്ചുനൽകി.
3. ഇപിഎഫ്- എസ്‌എസ്‌കെ വിഹിതം പൂർണമായും അംഗീകരിച്ചുനൽകി.
4. നിയമനം-2023 ഏപ്രിൽ മാസം 2-ാം തീയതി മുതൽ അടുത്ത അക്കാദമിക വർഷംവരെ.
5. ശാക്തീകരണ പരിശീലനങ്ങൾക്ക് ടിഎ ഡിഎ വർധിപ്പിച്ച് നൽകി.
6. എസ്‌എസ്‌കെ സർക്കുലറുകൾ എല്ലാ ജില്ലയിലും, ബിആര്‍സിയിലും ഏകീകരണ സ്വഭാവത്തോടെ നടപ്പിലാക്കും.
ജനുവരി 18 ന് ആരംഭിച്ച് 37 ദിവസം സമരം പിന്നിട്ടപ്പോഴാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്. 37 ദിവസം പിന്നിട്ട സമരത്തിനാണ് ഇതോടെ പര്യവസാനമായത്. തൊഴിൽ ചൂഷണവും തുച്ഛമായ ശമ്പളവുമായി ജോലി ചെയ്‌തുവന്ന സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ 1,319 സ്പെഷ്യലിസ്‌റ്റ് അധ്യാപകരെ പ്രതിനിധീകരിച്ച് നിരവധി പേരാണ് തിരുവനന്തപുരം സമഗ്ര ശിക്ഷ കേരളയുടെ മുന്നിൽ സമരത്തിന് ഉണ്ടായിരുന്നത്. യുവാക്കളും യുവതികളും ഗർഭിണികളും അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്പെഷ്യലിസ്‌റ്റ് അധ്യാപകര്‍ സമരത്തിൽ പങ്കെടുത്തിരുന്നു.
സമരത്തിനിടയ്ക്ക് മഴയും വെയിലും മഞ്ഞും നേരിട്ട് ഭക്ഷണമടക്കം പാകം ചെയ്‌തുകൊണ്ടായിരുന്നു സമഗ്ര ശിക്ഷ കേരളയ്ക്ക് മുന്നിലെ അധ്യാപകരുടെ സമര ദിനങ്ങള്‍. വിഷയം നിയമസഭയിൽ ചർച്ചയായപ്പോഴാണ് അധ്യാപകർ നേരിട്ട തൊഴിൽ ചൂഷണം അടക്കം പുറത്തുവന്നത്.