തിരുവനന്തപുരം: കൊവിഡ് വ്യാപനം പിടിച്ചുനിർത്തുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിയേറ്ററുകൾ, മാളുകൾ, ജിമ്മുകൾ, വിനോദ പാർക്കുകൾ, മദ്യ വില്പനശാലകൾ എന്നിവ അടച്ചു.
ആരാധനാലയങ്ങളിലും വിവാഹചടങ്ങുകളിലും 50 പേർക്ക് മാത്രമാണ് പ്രവേശനം. മരണാനന്തര ചടങ്ങിൽ പരമാവധി 20 പേർക്കാണ് പ്രവേശനം. രാത്രി ഏഴരയ്ക്ക് കടകൾ അടക്കണം. ഹോട്ടലുകളിൽ ഒൻപത് മണിവരെ പാഴ്‌സലുകൾ അനുവദിക്കും. സമ്പൂർണ ലോക്ക് ഡൗൺ ഉണ്ടാകില്ലെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ സെമി ലോക്ക് ഡൗൺ സ്വഭാവമുള്ള നിയന്ത്രണങ്ങളും രാത്രികാല നിയന്ത്രണവും തുടരും.
സർക്കാർ ഓഫിസുകളിൽ 50 ശതമാനം ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കും. എല്ലാ യോഗങ്ങളും ഓൺലൈൻ മാത്രം ആകും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ ജാഗ്രത പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർഥവും നൽകുന്നത് തൽക്കാലം പാടില്ല. നിബന്ധനകൾ സംബന്ധിച്ച പുതിയ ഉത്തരവ് ഇന്ന് നിലവിൽ വരും