തിരുവനന്തപുരം: രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്‌തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന തീരദേശ ശോഷണം, റെയിൽവേ, വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം തുടങ്ങിയ പ്രധാന വിഷയങ്ങളും കേന്ദ്രം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത 30-ാമത് ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ കൺകറന്‍റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളെക്കുറിച്ച് അവ നടപ്പാക്കുന്നതിന് മുമ്പ് ചർച്ച ചെയ്യേണ്ടതുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കൊവിഡ് 19 മഹാമാരിയെ നാം നേരിട്ടത് സഹകരണ മനോഭാവം കൊണ്ടാണ്. സഹകരണ ഫെഡറലിസത്തെ വളർത്തിയെടുക്കുന്നതിൽ സോണൽ കൗൺസിലുകൾക്ക് പങ്കുണ്ടെന്നും ഉയർന്നുവരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് അതിന്‍റെ പ്രധാന പ്രവർത്തനങ്ങളില്‍ ഒന്നെന്നും അദ്ദേഹം പറഞ്ഞു.
മത്സരങ്ങൾ ഉണ്ടാകാം, പക്ഷേ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അഭിപ്രായവ്യത്യാസങ്ങളുടെ മേഖലകളെ ചുരുക്കി സമവായം ഉയർത്താനാകും, ഇതാണ് ആരോഗ്യകരമായ ഫെഡറൽ ജനാധിപത്യത്തിന്‍റെ സത്ത, മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ശബരിമല ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തീർഥാടകരെ ആദരണീയ അതിഥികളായിട്ടാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.
Also Read ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിന് കോവളത്ത് തുടക്കം ; കൗണ്‍സില്‍ അമിത് ഷായുടെ അധ്യക്ഷതയില്‍