തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഞായറാഴ്‌ച വരെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. രാവിലെ മുതൽ സംസ്ഥാനത്ത് പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
യാത്രക്കാരുടെ പേര്, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ബസുകളിലും പൊലീസ് പരിശോധന കർശനമാക്കി. ജോലിക്ക് പോകുന്നവർ സ്ഥാപനത്തിൻ്റെ തിരിച്ചറിയൽ രേഖ കാണിക്കണം.
ആശുപത്രികൾ ,രോഗികൾ ,വാക്‌സിൻ സ്വീകരിക്കാൻ പോകുന്നവർ തുടങ്ങിയവർക്ക് യാത്ര ചെയ്യാം. ഇവരും തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം. പഴം,പച്ചക്കറി, പാൽ, മരുന്ന്, പലചരക്ക് കടകൾ എന്നിവ പ്രവർത്തിക്കും. രാത്രി ഒമ്പത് മണി വരെയാണ് പ്രവർത്തനാനുമതി.
ഹോട്ടലുകളിൽ പാഴ്‌സൽ, ഹോം ഡെലിവറി സേവനങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ട്രെയിൻ, വിമാന സർവീസുകൾക്കും തടസമില്ല. വാഹന വർക്ക് ഷോപ്പുകൾ, സർവീസ് സെൻ്ററുകൾ, സ്പെയർ പാർട്‌സ് കടകൾ തുടങ്ങിയവ തുറക്കാം. വിവാഹത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രം പങ്കെടുക്കാം.