തിരുവനന്തപുരം : 65-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഗ്രൂപ്പ് 1 ഗെയിംസ് മത്സരങ്ങൾക്ക് ആറ്റിങ്ങൽ ശ്രീപാദം ഓഡിറ്റോറിയത്തിൽ തുടക്കമായി. ഒക്ടോബർ 16 മുതൽ 20 വരെയാണ് സംസ്ഥാന സ്‌കൂള്‍ കായിക മേള നടക്കുക. തൃശൂര്‍ ജില്ലയിലെ കുന്നംകുളമാണ് ഇത്തവണ മത്സര വേദിയാകുന്നതെങ്കിലും ഗ്രൂപ്പ് വണ്‍ മത്സരങ്ങള്‍ നടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്.
ഒക്ടോബർ നാല് വരെ ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. റെസ്‌ലിങ്, ഹോക്കി, വോളിബോൾ, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, ഹാൻഡ് ബോൾ എന്നിവയാണ് ഗ്രൂപ്പ് 1ൽ നടക്കുന്ന മത്സരങ്ങൾ. ആറ്റിങ്ങൽ ശ്രീപാദം ഓഡിറ്റോറിയത്തിൽ ഇന്നും നാളെയുമായാണ് (സെപ്‌റ്റംബര്‍ 23,24) റസ്‌ലിങ് മത്സരം നടക്കുന്നത്.
സെപ്‌റ്റംബര്‍ 29 മുതൽ ഒക്‌ടോബര്‍ 4 വരെ ജി വി രാജ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഹോക്കി മത്സരവും അരങ്ങേറും. തുടര്‍ന്ന് കേരള യൂണിവേഴ്‌സിറ്റി, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവിടങ്ങളിലായി ബാസ്‌കറ്റ് ബോൾ മത്സരവും വെള്ളായണി അഗ്രിക്കൾച്ചർ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാൻഡ് ബോളും ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വോളിബോൾ മത്സരവും നടക്കും. ഒക്ടോബർ 1,2 ദിവസങ്ങളിലായി കേരള യൂണിവേഴ്‌സിറ്റി, സെൻട്രൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് ഫുട്ബോൾ മത്സരവും നടക്കും.