തിരുവനന്തപുരം: കൊവിഡ്-19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കനത്ത ജാഗ്രതാ നിർദ്ദേശം. സംസ്ഥാനത്ത് ഇതുവരെ 12 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പത്തനംതിട്ടയില്‍ പതിനൊന്ന് പേർക്കും എറണാകുളത്ത് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1116 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 149 പേര്‍ ആശുപത്രിയിലും 967 വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
മാര്‍ച്ചില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ക്കാരിന്‍റെ എല്ലാ പൊതുപരിപാടിയും റദ്ദാക്കിയാതായി മുഖ്യമന്ത്രി അറിയിച്ചു. രോഗബാധയുടെ വ്യാപനത്തെ തുടര്‍ന്ന് നാളെ മുതല്‍ കേരളത്തിലെ എല്ലാ സിനിമ തിയേറ്ററുകളും അടച്ചിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. മാര്‍ച്ച് മുപ്പത് വരെ പുതിയ സിനിമകളുടെ റിലീസുകൾ ഉണ്ടാവാന്‍ സാധ്യയില്ലെന്ന് നിര്‍മാതാക്കളും അറിയിച്ചു. നാടകങ്ങള്‍ അടക്കമുള്ള കലാപരിപാടികള്‍ നടത്തുന്നത് ഈ മാസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഒന്നു മുതല്‍ ഏഴാം ക്ലാസുവരെയുള്ള എല്ലാ പരീക്ഷകളും ഉപേക്ഷിച്ചതായും മാർച്ച് 31വരെ സ്‌കൂളുകള്‍ അടച്ചിടാനും സർക്കാർ തീരുമാനിച്ചു. എന്നാല്‍ എട്ട് മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. നിരീക്ഷണത്തിലുള്ളവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ബിരുദം, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയുടെ പരീക്ഷകള്‍ക്ക് മാറ്റമില്ലെങ്കിലും ക്ലാസുകള്‍ നടക്കില്ല. അങ്കണവാടികള്‍ക്കും അവധിയായിരിക്കും. ആരാധാനലയങ്ങളിലെ പ്രാര്‍ഥനകള്‍, ഉത്സവങ്ങള്‍, ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ എന്നിവക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ നിർദ്ദേശിച്ചു. ശബരിമലയില്‍ ഈ മാസം 13 മുതല്‍ ആരംഭിക്കുന്ന മാസ പൂജ ദര്‍ശനത്തിന് ഭക്തര്‍ വരരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് എന്‍. വാസു അറിയിച്ചു. ആചാരപരമായ ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി വിമാനത്താവളങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനും തീരുമാനമായി. പത്തനംതിട്ട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ഫിറ്റ്‌നെസ് സെന്‍ററുകളുടെയും ജിംനേഷ്യങ്ങളുടെയും പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചു.
ആലപ്പുഴക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും വൈറസ് പരിശോധന സംവിധാനം ആരംഭിച്ചു. ഇത് കൂടാതെ വിമാനത്താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തും വൈറസ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. വ്യാജ വാര്‍ത്ത നിയന്ത്രിക്കുന്നതിനായി പൊതുജന സമ്പര്‍ക്ക വകുപ്പ് ആരോഗ്യവകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തും. സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ മുതൽ ആരംഭിക്കാനിരുന്ന ബസ് സമരം മാറ്റിവെച്ചു. കൊവിഡ് 19 പശ്ചാത്തലത്തിൽ സർക്കാരിന്‍റെ അഭ്യർഥന മാനിച്ചാണ് സമരം മാറ്റിവെക്കുന്നതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുകത സമരസമിതി അറിയിച്ചു.