തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ പരിശോധനക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നത്.
നിലവില്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും നിലനില്‍ക്കുന്നുണ്ട്. ഇതുകൂടാതെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അനുസരിച്ചും നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.
ഡബ്ല്യു.ഐ.പി.ആര്‍ 7ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് വാര്‍ഡ് അടിസ്ഥാനത്തില്‍ നിയന്ത്രണമുള്ളത്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ളത്.
അവലോകന യോഗം ചൊവ്വാഴ്‌ച
രോഗപ്രതിരോധ സംവിധാനങ്ങള്‍ കര്‍ശനമാണെന്ന് പറയുമ്പോഴും രോഗവ്യാപനം കുറഞ്ഞിട്ടില്ല. ഓണക്കാലം കൂടി കഴിഞ്ഞതോടെ രോഗവ്യാപനം കുതിക്കുകയാണ്.
ഓണം കഴിഞ്ഞുള്ള 7 ദിവസം കൊണ്ട് 19,93,42 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് അതീവ ഗുരുതരമായ അവസ്ഥയെന്നാണ് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.
സെപ്‌റ്റംബർ ആദ്യവാരത്തോടെ തന്നെ പ്രതിദിന രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിന് മുകളിലെത്തുമെന്നാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങുന്നത്. ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിൽ കഴിഞ്ഞ ഒരാഴ്ചത്തെ കൊവിഡ് സ്ഥിതി പരിശോധിക്കും.
രോഗവ്യാപന തോത്, തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയും അവലോകന യോഗത്തിൽ പരിശോധിക്കും.
ബുധനാഴ്ച വിദഗ്‌ധരുടെ പ്രത്യേക യോഗം
ബുധനാഴ്‌ച പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിദഗ്‌ധരുടെ പ്രത്യേക യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.
എല്ലാ മെഡിക്കല്‍ കോളജുകളിലെയും കൊവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്‌ടര്‍മാര്‍, ചികിത്സ പരിചയം ഉള്ള സ്വകാര്യ ആശുപത്രി ഡോക്‌ടര്‍മാര്‍, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍, ആരോഗ്യ വിദഗ്‌ധര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ബുധനാഴ്‌ചത്തെ യോഗം.
ഈ യോഗത്തിന് ശേഷമാകും പ്രതിരോധ പ്രവര്‍ത്തനത്തിലെ മാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുക.
മൂന്നാം തരംഗം മുൻനിർത്തിയുള്ള പ്രത്യേക യോഗം വെള്ളിയാഴ്‌ച
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റ്, സെക്രട്ടറിമാര്‍ എന്നിവരുടെ യോഗവും വെള്ളിയാഴ്ച സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാരും പങ്കെടുക്കും.
മൂന്നാം തരംഗം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഈ യോഗം. ഒപ്പം വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള നടപടികളും യോഗത്തില്‍ നിര്‍ദേശിക്കും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍മാരെ ഓരോ ജില്ലയിലേക്കും പ്രത്യേകം നിയമിച്ചിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളുടെ ഉടമസ്ഥരുടേയും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടേയും യോഗം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ ഓണത്തിന് മുന്‍പ് വിളിച്ചുകൂട്ടിയിരുന്നു. ഇത്തരം യോഗങ്ങള്‍ വീണ്ടും ചേരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടകളില്‍ എത്തുന്നവരും ജീവനക്കാരും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഉടമകളുടെ യോഗം ചേരുന്നത്. കൊവിഡ് പ്രതിരോധം കൂടിയാലോചനകളിലൂടെ മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാറിന്‍റെ ശ്രമം.
Also Read: ആർ.എസ്.പി യുഡിഎഫിൽ ഉറച്ചുനിൽക്കും; കെ.മുരളീധരൻ എം.പി
സര്‍ക്കാര്‍ മേഖലയിലെ ചികിത്സാ സംവിധാനങ്ങളേയും കൊവിഡ് വ്യാപനം പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ആകെയുള്ള 64,724 കിടക്കകളില്‍ 38,122 കിടക്കകളാണ് ഒഴിവുള്ളത്.
ഐസിയു കിടക്കകളുടെയും വെന്‍റിലേറ്ററുകളുടേയും എണ്ണം പരിശോധിച്ചാല്‍ ആകെയുള്ള 1433 ഐസിയു കിടക്കകളില്‍ 339 ഉം 990 വെന്‍റിലേറ്ററുകളില്‍ 306 എണ്ണവുമാണ് ഒഴിവുളളത്.
മൂന്നാം തരംഗം മുന്‍നിര്‍ത്തി കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
സംസ്ഥാനത്ത് 20,94,93 കൊവിഡ് രോഗികളാണ് നിലവിലുള്ളത്. തിരുവനന്തപുരം 13694, കൊല്ലം 8413, പത്തനംതിട്ട 10843, ആലപ്പുഴ 11310, ഇടുക്കി 8050, എറണാകുളം 26909, തൃശ്ശൂര്‍ 16884, പാലക്കാട് 12841, മലപ്പുറം 29625, കോഴിക്കോട് 31112, വയനാട് 8859, കണ്ണൂര്‍ 13071, കാസര്‍ഗോഡ് 5136 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് രോഗികളുടെ എണ്ണം.
Also Read: പിഎസ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ടു; നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം