തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടിക്ക് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. കേന്ദ്ര വിജ്ഞാപനവും തുടർ നിർദേശങ്ങളും ഇന്നലെ (28.09.22) സർക്കാരിന് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് യോഗം ചേർന്ന ശേഷമാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ഇന്നലത്തെ തീയതില്‍ ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ആഭ്യന്തര വകുപ്പ് നൽകിയ ഫയിലിൽ ഇന്ന് മുഖ്യമന്ത്രി ഒപ്പു വച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകൾ സീൽ ചെയ്യുന്നതടക്കമുളള തുടർ നടപടികൾ ആരംഭിക്കാനാണ് പൊലീസിന് നിർദേശം. ജില്ല കലക്‌ടർമാർക്കും എസ്.പിമാർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. 1967-ലെ യുഎപിഎ നിയമപ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്. നേതാക്കന്മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യും.
സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ സംബന്ധിച്ച് ഡിജിപി സർക്കുലർ ഉടൻ ഇറക്കും. തുടർ നടപടികൾ ഇന്ന് ചേരുന്ന കലക്‌ടർ - എസ്.പി തല യോഗവും ചർച്ച ചെയ്യും. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ലഹരി വിരുദ്ധ നടപടികൾ, പൊലീസ് - ജില്ല ഭരണകൂട ഏകോപനം, ഗുണ്ടാ ആക്‌ട് പ്രകാരമുള്ള ഉത്തരവുകൾ എന്നിവയും ചർച്ചയാകും.
റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍.ഐ.എഫ്.), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ.), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എ.ഐ.ഐ.സി.), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.സി.എച്ച്.ആര്‍.ഒ.), നാഷണല്‍ വിമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍, കേരള എന്നീ സംഘടനകളെയുമാണ് നിരോധിച്ചത്.