തിരുവനന്തപുരം : സ്ത്രീമുന്നേറ്റത്തിൻ്റെ സന്ദേശമാണ് ഇത്തവണത്തെ ചലച്ചിത്ര പുരസ്കാരങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച രണ്ടുചിത്രങ്ങളും പ്രത്യേക ജൂറി പുരസ്‌കാരങ്ങളും ഇത് അടിവരയിടുന്നതാണെന്ന് അന്തിമ ജൂറി അധ്യക്ഷ സുഹാസിനി മണിരത്നം പറഞ്ഞു.
സമൂഹത്തിൽ സ്ത്രീകൾക്ക് ജനാധിപത്യപരമായ സ്വാതന്ത്ര്യം ഊട്ടിയുറപ്പിക്കുന്ന ചിത്രങ്ങളാണ് മികച്ച ചിത്രങ്ങളായത്. അടുക്കളയിലായാലും സമൂഹത്തിലായാലും സ്ത്രീകൾക്ക് ജനാധിപത്യപരമായ അവകാശങ്ങൾ ഉണ്ട്. മികച്ച നടിക്കായി വലിയ മത്സരം നടന്നു. അത് മികച്ച സന്ദേശമാണ്. കപ്പേളയിൽ, കഥാപാത്രത്തിൻ്റെ പരിണാമം ഫലപ്രദമായി അവതരിപ്പിച്ചതിനാണ് അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തതെന്നും സുഹാസിനി വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
Also Read: 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ ജയസൂര്യ, മികച്ച നടി അന്ന ബെൻ
സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ നിന്നും സിനിമയുടെ സർഗാത്മക മേഖലകളിലേക്ക് കടന്നുവരാനുള്ള പ്രയത്നത്തിനുള്ള അംഗീകാരം എന്ന നിലയിലാണ് നളിനി ജമീലയ്ക്ക് വസ്ത്രാലങ്കാരത്തിനുള്ള പ്രത്യേക ജൂറി പരാമർശം.
പുരസ്‌കാരങ്ങളിൽ അടിമുടി മാറ്റം വരുത്തുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഒരു സമിതിയെ നിയോഗിച്ചതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പുരസ്‌കാരം നൽകുന്നതിനാണ് സമിതി. ഡിസംബറിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.