തിരുവനന്തപുരം: കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയിൽ വൻ ആഘാതം ഏൽപ്പിച്ച് കൊവിഡും പ്രകൃതി ദുരന്തങ്ങളും. ദേശീയ ശരാശരിയെക്കാൾ ഉയർന്നു നിന്ന സംസ്ഥാനത്തിന്‍റെ വളർച്ചാ നിരക്ക് ഈ വർഷം വെറും 3.45 ശതമാനം മാത്രമാണ്. 2019-20ൽ ഇത് 6049 ആയിരുന്നു. 3.04 ശതമാനത്തിന്‍റെ ഇടിവാണ് ഈ വർഷം രേഖപ്പെടുത്തിയത്. ധനമന്തി തോമസ് ഐസക് ഇന്ന് നിയമസഭയിൽ വെച്ച 2019-20 സാമ്പത്തിക അവലോകന റിപ്പോർട്ടിൽ തെളിയുന്നത് സംസ്ഥാനം എത്രത്തോളം രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ്. ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടായിരുന്നുസാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ വെച്ചത്.
നികുതി വരുമാനത്തിലെ ഇടിവ്, ടൂറിസം മേഖലയിലെ തിരിച്ചടി, ശമ്പള-പെൻഷൻ ബാധ്യതകൾ, പ്രവാസികളുടെ തിരിച്ചു വരവ് തുടങ്ങിയ പ്രതിസന്ധികൾ റിപ്പോർട്ടിൽ എണ്ണിപ്പറയുന്നു. ആകെ വരുമാന വര്‍ദ്ധനവ് ഉണ്ടായത് ലോട്ടറിയില്‍ മാത്രമാണ്. ലോകത്താകമാനം ബാധിച്ച കൊവിഡ് പ്രതിസന്ധി കേരളത്തിലെ സാമ്പത്തിക രംഗത്തേയും സാരമായി ബാധിച്ചു. ഇതിനൊപ്പം കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകൃതി ക്ഷോഭങ്ങളും കൂടിയായപ്പോള്‍ പ്രതിസന്ധി ഇരട്ടിച്ചു. ഇതോടെ കേരളത്തിന്‍റെ വളര്‍ച്ച നിരക്ക് താഴേക്ക് പോയതായി സാമ്പത്തിക അവലോകന റിപ്പര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൊവിഡ് സമ്പദ് വ്യവസ്ഥയെ സാരമായി തന്നെ ബാധിക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ സമ്പദ് വ്യവസ്ഥയില്‍ 26 ശതമാനം കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു. കാര്‍ഷിക മേഖലയിലെ നെഗറ്റീവ് വളര്‍ച്ചാ നിരക്ക് തുടരുകയാണ് . നെഗറ്റീവ് 6.62 ശതമാനമാണ് സംസ്ഥാനത്തിന്‍റെ കാർഷിക വളർച്ചാ നിരക്ക്. റവന്യൂ വരുമാനം ഗണ്യമായി കുറഞ്ഞു. തനതു നികുതി വരുമാനം നെഗറ്റീവ് 0.6 ശതമാനമാണ്. 2018-19 വര്‍ഷത്തില്‍ ഇത് ഒമ്പത് ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് റവന്യൂ വരുമാനത്തില്‍ 2629.8 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. കേന്ദ്ര വിഹിതത്തില്‍ 2790.82 കോടി രൂപയുടെ കുറവുണ്ടായി. എന്നാല്‍ നികുതിതര വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 4.09 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് നികുതിയേതര വരുമാനത്തിലുണ്ടായിരിക്കുന്നത്. ലോട്ടറി വരുമാനമാണ് നികുതിയേതര വരുമാനത്തിന്‍റെ വര്‍ദ്ധനവിന് കാരണം. നികുതിയേതര വരുമാനത്തിന്‍റെ 81.32 ശതമാനവും ലോട്ടറി വിറ്റുവരവിലൂടെയാണ് ലഭിച്ചത്.
റവന്യു ചെലും വര്‍ദ്ധിച്ചിട്ടുണ്ട്. റവന്യൂ ചിലവിന്‍റെ 74.70 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായാണ് ചിലവാക്കുന്നത്. സംസ്ഥാനത്തിന്‍റെ കടബാധ്യത 2,60,311കോടിയായി ഉയർന്നു. ആഭ്യന്തര കടത്തിന്‍റെ മാത്രം വർദ്ധനവ് 9.91 ശതമാനമാണ് വാര്‍ഷിക വളര്‍ച്ചാ നിരക്കിലും ഇടിവ് രേഖപ്പെടുത്തി. 10.47 ശതമാനമാണ് ഈ വര്‍ഷത്തെ വാര്‍ഷിക വളര്‍ച്ചാ നിരക്ക്. മുൻ വര്‍ഷം ഇത് 11.80 ശതമാനമായിരുന്നു. ടൂറിസം മേഖല നേരിട്ടത് വന്‍ തിരിച്ചടിയാണ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ വിനോദ സഞ്ചാര മേഖലയ്ക്കുണ്ടായ നഷ്‌ടം 25000 കോടി രൂപയാണെന്നും സാമ്പത്തിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.