തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. 4.19 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 99.70 ശതമാനമാണ് വിജയം. മൂന്ന് മണിക്ക് തിരുവന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. വിജയ ശതമാനത്തില്‍ വര്‍ധന 0.44 ആണ്.
കഴിഞ്ഞ തവണ, 99.26 ആയിരുന്നു വിജയ ശതമാനം. 68,604 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 44,363 വിദ്യാര്‍ഥികള്‍ക്കായിരുന്നു കഴിഞ്ഞ തവണ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. റെഗുലര്‍ വിഭാഗത്തില്‍ 41,9128 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 41,7864 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 2,581 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
എ പ്ലസില്‍ ഒന്നാമത് മലപ്പുറം: കണ്ണൂർ ജില്ലയാണ് വിജയ ശതമാനത്തില്‍ മുന്നിലുള്ള റവന്യു ജില്ല. ഇവിടെ 99.94 ശതമാനമാണ് വിജയം. വയനാട് ജില്ലയാണ് ഏറ്റവും കുറവ് വിജയ ശതമാനം നേടിയത്. ഇവിടെ 98.41 ശതമാനമാണ്. പാല, മൂവാറ്റുപുഴ എന്നിവയാണ് വിജയ ശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല. 100 ശതമാനം വിജയം ഈ വിദ്യാഭ്യാസ ജില്ലകൾ നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയാണ്. 4,856 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയതും മലപ്പുറത്ത്: മലപ്പുറം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. പത്തനംതിട്ട ജില്ലയിലാണ് പരീക്ഷ എഴുതിയ ആളുകളുടെ എണ്ണത്തില്‍ കുറവ്. മലപ്പുറം ജില്ലയിലെ എരക്കാട് സ്‌കൂളിലാണ് കൂടുതല്‍ കൂട്ടികള്‍ പരീക്ഷയെഴുതിയത്. ഇവിടെ 1,876 കുട്ടികളാണ് പരീക്ഷയെഴുതിയത്. 100 ശതമാനം വിജയം നേടി. എസ്‌എസ്‌എല്‍സി പ്രൈവറ്റ് സ്‌കീമില്‍ 150 പേര്‍ പരീക്ഷയെഴുതിയതില്‍, 100 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
97.3 ശതമാനമാണ് ഗള്‍ഫ് സെന്‍ററുകളിലെ വിജയശതമാനം. എട്ട് വിദ്യാലയങ്ങളിലായി 518 പേരാണ് പരീക്ഷയെഴുതിയത്. അതില്‍ 504 പേര്‍ വിജയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മെയ് 20 മുതൽ 23 വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ്. നാളെയായിരുന്നു ഫലപ്രഖ്യാപനം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇന്ന് ഫല പ്രഖ്യാപനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഹയര്‍സെക്കന്‍ഡറി ഫലം മെയ് 25ന് പ്രഖ്യാപിച്ചേക്കും.
എ പ്ലസുകാരുടെ എണ്ണത്തില്‍ വര്‍ധന: എസ്‌എസ്‌എല്‍സി പരീക്ഷയില്‍, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്തവണത്തേത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 68,604 വിദ്യാര്‍ഥികളാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 44,363 വിദ്യാര്‍ഥികളാണ് എല്ലാ വിഷയത്തിലും എപ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24,241 പേരാണ് എല്ലാ വിഷയത്തിലും എപ്ലസ് അധികമായി നേടിയത്. വിദ്യാഭ്യാസമേഖലയിലെ മികവായാണ് ഇതിനെ വിലയിരുത്തുന്നത്.
രണ്ടുവര്‍ഷത്തിന് ശേഷം കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതും എ പ്ലസുകാരുടെ എണ്ണത്തിലെ വര്‍ധനവിന് കാരണമായിട്ടുണ്ട്. 16,5775 വിദ്യാര്‍ഥികളാണ് ഇത്തവണ ഗ്രേസ് മാര്‍ക്കിനായി അപേക്ഷ നല്‍കിയത്. 13,8086 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചു. ഇത്തരത്തില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ചതോടെ 24,422 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടാനായത്. ഇതാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ ഒരു കുതിച്ചുചാട്ടം ഇക്കാര്യത്തിലുണ്ടാക്കിയത്. 100 ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.
100% വിജയം 951 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 447 സ്‌കൂളുകളാണ് ഇത്തവണ അധികമായി നൂറ് ശതമാനം വിജയം നേടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എച്ച്എസ് സ്‌കൂളിന് നൂറുശതമാനം വിജയമാണ് നേടാനായത്. ഇവിടെ പരീക്ഷയെഴുതിയ 1,876 വിദ്യാര്‍ഥികളും ഉപരിപഠത്തിന് അര്‍ഹത നേടി. 951 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കാണ് 100 ശതമാനം വിജയം നേടാനായത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 191 സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് നൂറ് ശതമാനം വിജയം നേടിയത്. 1,291 എയ്‌ഡഡ് സ്‌കൂളുകള്‍ക്കാണ് നൂറ് ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 249 സ്‌കൂളുകള്‍ അധികമായി നൂറ് ശതമാനം നേടി. അണ്‍ എയ്‌ഡഡ് സ്‌കൂളുകളില്‍ 439 സ്‌കൂളുകള്‍ക്കാണ് നൂറ് ശതമാനം വിജയം നേടാനായത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഏഴ് സ്‌കൂളുകളാണ് അധികമായി നൂറ് ശതമാനം വിജയം സ്വന്തമാക്കിയത്.