തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. രാവിലെ 9.30മുതലാണ് പരീക്ഷ. എസ്എസ്എൽസി പരീക്ഷ നടക്കുന്ന തിരുവനന്തപുരത്തെ കോട്ടൺ ഹിൽ സ്‌കൂളിൽ രാവിലെ 8 മണി മുതൽ തന്നെ വിദ്യാർഥികൾ എത്തി തുടങ്ങിയിരുന്നു. ആദ്യ ദിനം മലയാളമാണ് വിഷയം.
491 വിദ്യാർഥികളാണ് കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷ എഴുതുന്നത്. പൊതു പരീക്ഷ ആയതിനാൽ ചെറിയ ആശങ്കയുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. എന്നിരുന്നാലും പാഠഭാഗങ്ങൾ എല്ലാം നന്നായി പഠിച്ചുവെന്നും ഉറപ്പായും ജയിക്കുമെന്നും വിദ്യാർഥികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് 4,19,362 റെഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതും. ഇതില്‍ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്.
ഗൾഫ് മേഖലയിൽ നിന്ന് 518 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർഥികളും ഈ വര്‍ഷം പരീക്ഷയെഴുതുന്നുണ്ട്. മലയാളം പരീക്ഷയോടെയാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നത്. കനത്ത ചൂടിന്‍റെ പശ്ചാത്തലത്തിൽ രാവിലെ 9.30 മുതലാണ് പരീക്ഷ.
സർക്കാർ മേഖലയിൽ 1,170 സെന്‍ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്‍ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്‍ററുകളും അടക്കം ആകെ 2,960 പരീക്ഷ സെന്‍ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാർച്ച് 29നാണ് എസ്എസ്എൽസി പരീക്ഷ അവസാനിക്കുന്നത്. ഏപ്രിൽ 3 മുതലാണ് മൂല്യനിർണയം ആരംഭിക്കുന്നത്.
26ന് അവസാനിക്കുന്ന തരത്തിലാണ് മൂല്യനിർണയം ക്രമീകരിച്ചിരിക്കുന്നത്. 18,000 ൽ അധികം അധ്യാപകരെ മൂല്യനിർണയത്തിനായി നിയോഗിക്കും. മെയ് ആദ്യവാരത്തിൽ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് തീരുമാനം.
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷവും ഫോക്കസ് ഏരിയ നിശ്ചയിച്ചായിരുന്നു പരീക്ഷ നടത്തിയിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം ഒഴിഞ്ഞ ഈ പരീക്ഷയ്ക്ക് വിദ്യാർഥികൾക്ക് ഫോക്കസ് ഏരിയ ഉണ്ടാകില്ല. എസ്എസ്എൽസി പരീക്ഷ എഴുതുന്നവരിൽ 57.20 ശതമാനവും ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളാണ്.
പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 10ന്: അതേസമയം ഒന്നാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയും രണ്ടാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയും മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ. ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാമ്പ് നടക്കും.
25,000 അധ്യാപകരെ ഇതിനായി നിയോഗിക്കും. ഒന്നാം വർഷ പരീക്ഷ 4,25,361 വിദ്യാർഥികളും രണ്ടാം വർഷ പരീക്ഷ 4,42,067 വിദ്യാർഥികളും എഴുതും. വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷകൾ ആരംഭിക്കും.
വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി: അതേസമയം പരീക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്നും വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വ്യാഴാഴ്‌ച മുതൽ നടക്കുന്ന വാർഷിക പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് മന്ത്രി വിജയാശംസകളും നേർന്നു. വിദ്യാർഥികൾക്ക് ക്ലാസ് റൂമുകളിൽ കുടിവെള്ളം കരുതാൻ അധ്യാപകർ ശ്രദ്ധിക്കണമെന്നും സുരക്ഷ കാര്യങ്ങൾ വിലയിരുത്താൻ സംസ്ഥാന ഡിജിപിയുമായി ആശയവിനിമയം നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ ഇടവേളയ്ക്കുശേഷം ഒരു പൂർണ അധ്യയന വർഷം ലഭിച്ചത് ഇത്തവണയാണ്. പരീക്ഷയെ കുറിച്ച് യാതൊരു പേടിയും വേണ്ട. ഒരു പരീക്ഷയല്ല ജീവിതം നിർണയിക്കുന്നത്. ഇതെല്ലാം വിദ്യാഭ്യാസ യാത്രയുടെ ചില അനിവാര്യതകൾ മാത്രം. കുട്ടികള്‍ക്ക് സമ്മർദം ഉണ്ടാക്കാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഒരു കുട്ടിയെയും മറ്റ് വിദ്യാര്‍ഥികളുമായി താരതമ്യം ചെയ്യരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.