തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ ( K M Basheer ) വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജില്ല കോടതി വീണ്ടും വിചാരണ നടത്തും. പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതിയുടെയും, സുപ്രീം കോടതിയുടെയും ( High Court & Supreme Court) ഉത്തരവിനെ തുടർന്നാണ് നടപടി. ശ്രീറാം വെങ്കിട്ടരാമന്‍ ( Sriram Venkitaraman ) നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി നിര്‍ദേശം നല്‍കി (Sriram Venkitaraman Should Appear Before Court on K M Basheer Murder Case). കേസ് നേരത്തെ പരിഗണിച്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൂന്ന് കേസുകളും തുടർ വിചാരണയ്ക്കായി ജില്ല കോടതിക്ക് കൈമാറിയത്.
നേരത്തെ തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശ്രീറാമിനെതിരെയുള്ള നരഹത്യാക്കുറ്റം (Manslaughter Offence) ഒഴിവാക്കിയത്. ഇതിനെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത് സർക്കാരായിരുന്നു. എന്നാല്‍ ഇതിനെതിരെ ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചു. ഇത് തള്ളിയതിനെത്തുടർന്നാണ് കേസ് വീണ്ടും ജില്ല കോടതി പരിഗണിക്കുന്നത്. അപകടം നടന്നപ്പോള്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരെയുള്ള കുറ്റം ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീർ കൊല്ലപ്പെടുന്നത്. തുടർന്ന് ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്‌തു.
Also Read: ശ്രീറാം വെങ്കിട്ടറാമിന് തിരിച്ചടി ; നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി
എന്നാൽ 2020 മാർച്ചിൽ അദ്ദേഹത്തെ തിരിച്ചെടുക്കുകയും ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി നിയമിക്കുകയും ചെയ്‌തു. പിന്നാലെ ആലപ്പുഴ ജില്ല കലക്‌ടറായി നിയമിച്ചു. എന്നാൽ ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് നീക്കി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡിന്‍റെ ജനറൽ മാനേജരായി നിയമിക്കുകയായിരുന്നു.