തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിലേക്ക് തിരിച്ചെടുത്തു. ആരോഗ്യ വകുപ്പിലാണ് നിയമനം. എന്നാൽ ഏത് തസ്‌തികയിലാണ് നിയമനം എന്ന് വ്യക്തമല്ല. നിയമത്തില്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുത്തത്. ശ്രീറാമിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പത്രപ്രവർത്തക യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ശ്രീറാമിന്‍റെ സസ്പെൻഷൻ നീട്ടുന്നത് സർക്കാരിന് ബാധ്യതയാകുമെന്നും കോടതിയിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വരുമെന്നും വികാരപരമായ തീരുമാനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പത്രപ്രവർത്തക യൂണിയൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു. ഇത് അവർ അംഗീകരിക്കുകയായിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് അമിത വേഗത്തിൽ എത്തിയ ശ്രീറാം വെങ്കിട്ടരാമന്‍റെ കാർ ഇടിച്ച് സിറാജ് ദിനപത്രത്തിന്‍റെ ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീർ മരിച്ചത്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തായിരുന്നു അപകടം. സംഭവത്തിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ അന്ന് മുതൽ സസ്പെൻഷനിലായിരുന്നു. ശ്രീറാമിനെ സർവീസിലേക്ക് തിരിച്ചെടുക്കുന്നതിനെതിരെ പത്രപ്രവർത്തക യൂണിയൻ ഉൾപ്പടെ രംഗത്ത് വന്നതോടെ സസ്പെൻഷൻ നീളുകയായിരുന്നു. അപകടം നടക്കുമ്പോൾ സർവേ ഡയറക്‌ടറായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ.