തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന് പകരം വി ആര്‍ പ്രേംകുമാറിനെ സര്‍വെ ആന്റ് ലാന്റ് റിക്കോര്‍ഡ്‌സ് ഡയറക്‌ടറായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്‌ടറാണ് വി ആര്‍ പ്രേംകുമാർ. പ്രോജക്‌ട് ഡയറക്ടര്‍- കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിംഗ് കമ്മിഷണര്‍, സെക്രട്ടറി- കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് എന്നീ ചുമതലകള്‍ കൂടി പ്രേംകുമാറിന് നൽകിയിട്ടുണ്ട്.
ഒപ്പം വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജിനെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. പരിശീലനത്തിന് ശേഷം തിരികെ പ്രവേശിച്ച ടി വി അനുപമയെ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിക്കും. സിപിഎംയു ഡയറക്ടറുടെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച രാജേഷ് കുമാര്‍ സിംഗിനെ നികുതി വകുപ്പ് (എക്‌സൈസ് ഒഴികെ) പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ഇദ്ദേഹം കൃഷി (മൃഗസംരക്ഷണം) വകുപ്പിന്റെ അധിക ചുമതല വഹിക്കും.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച ശാരദ മുരളീധരനെ തദ്ദേശസ്വയംഭരണ (റൂറല്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പിന്റെയും കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറയുടെയും അധിക ചുമതലകള്‍ കൂടി ഇവര്‍ക്കുണ്ടാകും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലകിനെ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം കായിക യുവജനകാര്യ വകുപ്പിന്റെ അധിക ചുമതല തുടര്‍ന്നും വഹിക്കും. ഇന്റര് കേഡര്‍ ഡെപ്യൂട്ടേഷന്‍ ലഭിച്ച പി ഐ ശ്രീവിദ്യയെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി നിയമിക്കും.