തിരുവനന്തപുരം: സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് മരിച്ചത്. തിരുവനന്തപുരം മ്യൂസിയം ജങ്ഷനിലെ പബ്ലിക് ഓഫീസിന് സമീപം രാത്രി ഒരു മണിയോടെയാണ് അപകടമുണ്ടായത്. ബഷീര്‍ ഓടിച്ച ബൈക്കില്‍ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയിലായിരുന്നു. കാല് പോലും നിലത്തുറക്കാത്ത തരത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ശ്രീറാം വെങ്കിട്ടരാമനോടൊപ്പം വഫ ഫിറോസ് എന്ന സ്ത്രീയുമുണ്ടായിരുന്നു. ഇവരുടെ പേരിലുള്ളതാണ് കാര്‍. ശ്രീറാം വെങ്കിട്ടരാമനാണ് കാറോടിച്ചതെന്ന് സംഭവത്തിന് ദൃക്സാക്ഷികളായ ഓട്ടോഡ്രൈവര്‍മാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും കാറിന്‍റെ അമിതവേഗം ഭയന്ന കെ എം ബഷീര്‍ റോഡിന്‍റെ അരികത്തേക്ക് ബൈക്ക് ഒതുക്കിയെങ്കിലും കാര്‍ ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവര്‍ ഷഫീഖ് പറയുന്നത്. പൊലീസ് ശ്രീറാം വെങ്കിട്ടരാമനെതിരെയും വഫ ഫിറോസിനെതിരെയും മനപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. അന്വേഷണത്തിന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടു.
ശ്രീറാമിനെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയനാക്കുകയും പരിശോധനക്കായി രക്തസാമ്പിളെടുക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ശ്രീറാമിന്‍റെ രക്തപരിശോധനക്ക് പൊലീസ് തയ്യാറായത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജയ്കുമാര്‍ ഗുരുഡിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അപകടമുണ്ടാക്കിയ കാര്‍ ഫോറന്‍സിക് സംഘം പരിശോധിച്ചു.
അപകടസമയത്ത് കാറില്‍ ഒപ്പമുള്ള സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുക്കാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ മ്യൂസിയം പൊലീസ്സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു ശേഷമാണ് വഫ ഫിറോസിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയത്. സബ് കലക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വെ ഡയറക്ടറായി നിയമിച്ചുവെങ്കിലും ഉപരി പഠനത്തിനായി വിദേശത്തിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്ത് എത്തിയത്.